തമിഴ്നാട്ടിൽ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 21 ടിവികെ എംഎൽഎമാരും രണ്ട് കോൺഗ്രസ് എംഎൽഎമാരുമാണ് അധികാരമേറ്റത്. ഇതോടെ ടിവികെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 32 ആയി.
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി വിജയ്. 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. 21 ടിവികെ എംഎൽഎമാരും രണ്ട് കോൺഗ്രസ് എംഎൽഎമാരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അംഗങ്ങൾ തമിഴ്നാട് മന്ത്രിസഭയിൽ ഉൾപ്പെടുന്നത്. പുതിയ മന്ത്രിമാർ അധികാരമേറ്റതോടെ വിജയ് മന്ത്രിസഭയിലെ അംഗസംഖ്യ 32 ആയി ഉയർന്നു. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി വിജയ്‍യും ഒൻപത് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നത്.

എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ അംഗീകാരത്തോടെ, കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ടിവികെ എംഎൽഎമാരായ തമിഴ് പാർഥിപൻ, ജെ മുഹമ്മദ് ഫർവാസ്, വി സമ്പത്ത് കുമാർ, വി സത്യഭാമ, മാരി വിൽസൺ തുടങ്ങിയവരാണ് പുതിയതായി അധികാരമേറ്റ മറ്റ് മന്ത്രിമാർ.
അതേസമയം അടുത്ത ദിവസങ്ങളിൽ വിസികെ, മുസ്ലീം ലീഗ് എംഎൽഎമാർ കൂടി മന്ത്രിസഭയുടെ ഭാഗമായേക്കും. ഇരുപാർട്ടികളെയും ടിവികെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇരു പാർട്ടികൾക്കും ഓരോ സീറ്റ് വീതം ലഭിക്കുമെന്നാണ് സൂചന. വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ മന്ത്രിസഭയിലേക്ക് ഉണ്ടാകില്ലെന്ന റിപ്പോർട്ടുകളുണ്ട്. നേരത്തെ, വിജയ് ഒഴിഞ്ഞ തൃച്ചി ഈസ്റ്റ് സീറ്റിൽ തോൽ തിരുമാവളവൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
വിസികെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായ തിണ്ടിവനം എംഎൽഎ വന്നി അരസ് മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ആര് മന്ത്രിയാകണമെന്നത് സംബന്ധിച്ചു തീരുമാനിക്കാനായി മുസ്ലീം ലീഗ് ദേശീയ അധ്യക്ഷൻ കെ എം ഖാദർ മൊയ്തീൻ ചെന്നൈയിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. തമിഴ്നാട് മന്ത്രിസഭയിലെ പരമാവധി അംഗസഖ്യ 35 ആണ്.
അതേസമയം അണ്ണാ ഡിഎംകെയുടെ വിമത എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ടിവികെ വ്യക്തമാക്കിയിട്ടില്ല. വിമത എംഎൽഎമാരെ ഉൾപ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും സിപിഎമ്മും വിസികെയും രംഗത്തെത്തിയിരുന്നു. അതിനിടെ, മെയ് 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി കെ എ സെങ്കോട്ടയ്യൻ്റെ വകുപ്പിൽ മാറ്റം. സെങ്കോട്ടയ്യനെ ധനവകുപ്പിൽനിന്ന് റവന്യൂ ദുരന്തനിവാരണ വകുപ്പിലേക്കാണ് മാറ്റിയത്. പുതിയതായി അധികാരമേറ്റ മാരി വിൽസന് ധനവകുപ്പ് ലഭിച്ചു. കേരളത്തിന് പിന്നാലെ തമിഴ്നാട് സർക്കാരും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി (എഐ) പുതിയ വകുപ്പ് ആരംഭിച്ചു. മന്ത്രി ആർ കുമാർ എഐ, ഐടി, ഡിജിറ്റൽ വകുപ്പുകൾ കൈകാര്യം ചെയ്യും.


