ഝലോർ: അനധികൃതമായി ഭൂമി കയ്യേറാനെത്തിയവരെ വ്യത്യസ്തമായ രീതിയിൽ തടയുന്ന രാജസ്ഥാനിലെ ഒരു ​ഗ്രാമമുഖ്യ (സർപഞ്ച്) യുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. രാജസ്ഥാനിലെ മന്ദവാല ​ഗ്രാമത്തിലെ ​ഗ്രാമമുഖ്യയായ രേഖ ചൗധരി ദേവിയാണ് ജെസിബിയുടെ കയ്യിൽ തൂങ്ങിപ്പിടിച്ച് ഭൂമി കയ്യേറാനെത്തിയവരെ തടഞ്ഞത്.

​ഗ്രാമത്തിലുള്ള പുറംപോക്ക് ഭൂമി അനധികൃതമായി കെട്ടിടം പണിക്കായിയെത്തിച്ച ജെസിബിയാണ് രേഖ ദേവി തടഞ്ഞത്. ജെസിബിയുടെ കയ്യിൽ തൂങ്ങിപ്പിടിച്ച് ഡ്രൈവറോട് പിരിഞ്ഞ് പോകാൻ രേഖ ദേവി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ജെസിബിയുടെ കയ്യിൽപ്പിടിച്ച രേഖ ദേവിയെ ഡ്രൈവർ മുകളിലേക്ക് ഉയർത്തിയതോടെ ​ഗ്രാമത്തിലെ മുതിർന്നവരും രമാ ദേവിയെ സഹായിക്കാനെത്തി. മുകളിൽ‌ ഉയർത്തിയോടെ ജെസിബിയിൽ നിന്ന് രേഖ ദേവി താഴേക്ക് വീഴുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാമായിരുന്നു.

ജെസിബിയുടെ ഡ്രൈവർ ആദ്യം വണ്ടി തന്റെ നേർക്ക് ഓടിക്കുകയായിരുന്നു. പിന്നീട് തന്റെ കാർ ജെസിബിയുടെ കൈ ഉപയോ​ഗിച്ച് തകർത്തു. ​വാർഡ് മുഖ്യൻ കാറിനകത്ത് ഇരിക്കുമ്പോഴായിരുന്നു ഡ്രൈവറുടെ ആക്രമണമെന്ന് രേഖ ദേവി പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽ കുറച്ച് മാസങ്ങൾക്ക് മുമ്പും അനധികൃതമായി കെട്ടിടം പണിയാൻ വാ​ഗാ റാം എന്നയാളും സംഘവും ഇവിടെ എത്തിയിരുന്നു. ഓഗസ്റ്റിൽ ഇവർ അനധികൃതമായി പണിത കെട്ടിടം ​ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിച്ച് മാറ്റിയിരുന്നു. വീണ്ടും ഭൂമി കയ്യേറാൻ എത്തിയിരിക്കുകയാണ് സംഘം. ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടി എടുത്തിട്ടില്ലെന്നും രേഖ ദേവി ആരോപിച്ചു. 

അതേസമയം, പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഭൂമി കയ്യേറ്റം സംബന്ധിച്ചുള്ള രേഖ ചൗധരി ദേവിയുടെ പരാതി ലഭിച്ചിരുന്നു. പരാതിയിൽ കേസെടുത്തിട്ടുണ്ട്. ​വാ​ഗാ റാമിനായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഉടൻ നടപടി എടുക്കുമെന്നും ഝലോർ പൊലീസ് ഓഫീസർ ജയ്ദേവ് സിം​ഗ് പറഞ്ഞു.