പാറ്റ്ന: ബിഹാറിൽ കർഷകന്റെ മൃതദേഹവുമായി ബന്ധുക്കൾ ബാങ്കിലേക്ക്. 55 കാരനായ മഹേഷ് യാദവിന്റെ മൃതദേഹവുമായാണ് ബന്ധുക്കൾ ബാങ്കിലേക്ക് മാർച്ച് നടത്തിയത്. ശവസംസ്കാരത്തിനായി ബന്ധുക്കൾ വീട് മുഴുവൻ തിരഞ്ഞെങ്കിലും ഒരു രൂപ പോലും കണ്ടെത്താനായില്ല.

എന്നാൽ വീട്ടിൽ നിന്ന് ബാങ്ക് പാസ്ബുക്ക് കണ്ടെത്തി. 1,17,298 രൂപ ബാങ്കിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് പണത്തിനായി ബാങ്കിലേക്ക് പോയത്. മാനേജർ പണം അനുവദിക്കുന്നതുവരെ ബന്ധുക്കൾ ബാങ്കിൽ തുടർന്നുവെന്ന് പൊലീസ് ഓഫീസർ അമരീന്ദർ കുമാർ പറഞ്ഞു. 

പണം നൽകണമെന്നും അല്ലാത്തപക്ഷം മൃതദേഹം സംസ്കരിക്കില്ലെന്നും ബന്ധുക്കൾ വാദിക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു. 
അസാധാരണമായ സംഭവങ്ങളാണ് ബാങ്കിൽ നടന്നതെന്ന് കനറാ ബാങ്ക് ബ്രാഞ്ച് മാനേജർ സഞ്ജീവ് കുമാർ പറഞ്ഞു. യാദവിന് ഭൂമി ഉണ്ടായിരുന്നില്ലെന്നും സർക്കാരിൽ നിന്ന് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ലെന്നും അയൽവാസിയായ ശകുന്ദള ദേവി പറഞ്ഞു.