ഹൈദരാബാദ്: പൂര്‍ണ്ണഗര്‍ഭിണിയെ ബന്ധുക്കള്‍ സ്‌ട്രെച്ചറില്‍ ചുമന്ന് ആശുപത്രിയിലേക്ക് നടന്നത് ഒമ്പത് കിലോമീറ്റര്‍. ആന്ധ്രാപ്രദേശിലെ വിസിയനഗരത്തിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. കസ്തൂരി ദേവൂദമ്മയെ ചുമന്നാണ് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് നടന്നത്. 

ഒന്നര മണിക്കൂറിലേറെ കസ്തൂരി ആംബുലന്‍സ് കാത്തുനിന്നു. എന്നിട്ടും വാഹനം എത്താതായതോടെയാണ് ബന്ധുക്കള്‍ കസ്തൂരിയെ കാല്‍നടയായി ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. ഗ്രാമത്തിലേക്ക് റോഡ് നിര്‍മ്മിക്കാത്തതിനാല്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.