വികസനമില്ല,  തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് മുസാഫര്‍പൂരിലെ ഗ്രാമം. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടമാണ് ചുല്‍ഹായി ബിഷ്ണുപൂര്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ബഹിഷ്കരിച്ചത്. 729 പേരായിരുന്നു ഈ ഗ്രാമത്തില്‍ നിന്ന് വോട്ട് ചെയ്യാനെത്തേണ്ടിയിരുന്നത്. എന്നാല്‍ ഒരാള്‍ പോലും പോളിംഗ് ബൂത്തിലെത്തിയില്ലെന്നാണ് ഇലക്ടറല്‍ ഓഫീസര്‍ വിശദമാക്കുന്നത്. 

ഗ്രാമത്തില്‍ വികസനമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. രണ്ടാം ഘട്ട പോളിംഗ് ആദ്യഘട്ടത്തേക്കാള്‍ കുറവാണ്. തുടക്കത്തില്‍ പോളിംഗില്‍  നല്ല ഉണര്‍വ്വ് കണ്ടെങ്കിലും പിന്നീടങ്ങോട്ട് മന്ദഗതിയിലാവുകയായിരുന്നു.  53.51 ശതമാനം  പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ ,ആര്‍ജെഡി നേതാവ് ശക്തിസിംഗ് യാദവ്  എന്നിവരാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. 

അതിനിടെ തെരഞ്ഞെടുപ്പ് റാലിക്കിടെ ബിഹാര്‍ മുഖ്യമന്ത്രിക്ക് നേരെ സവാളയേറുണ്ടായി. മധുബനിയിലെ റാലിയില്‍ സംസാരിക്കുമ്പോഴാണ് നിതീഷ് കുമാറിന് നേരെ സവാളയേറുണ്ടായത്. നിതീഷ് കുമാര്‍ ഇനി മുഖ്യമന്ത്രിയാകില്ലെന്ന് തേജസ്വിയാദവും ചിരാഗ് പാസ്വാനും ആവര്‍ത്തിച്ചപ്പോള്‍, എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് ബിഹാറില്‍ അവസാനവട്ട റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടത്.