Asianet News MalayalamAsianet News Malayalam

ഭോപ്പാൽ ​ദുരന്തത്തെ ഓർമ്മിപ്പിച്ച് വിശാഖപട്ടണം വാതകച്ചോർച്ച; വിറങ്ങലിച്ച് വെങ്കട്ടപുരം

ഭോപ്പാൽ ദുരന്തത്തെ ഓർമപ്പെടുത്ത ദൃശ്യങ്ങളായിരുന്നു പുലർച്ചെ വിശാഖപട്ടണത്ത് കണ്ടത്. മരണം മുന്നിൽക്കണ്ട ഗ്രാമീണർ ഓടിരക്ഷപ്പെടാൻപോലും കഴിയാതെ ബോധരഹിതരായി വീണു. ഓവുചാലിലും കിണറ്റിലുമായാണ് ഓരോ മൃതദേഹങ്ങൾ കണ്ടെത്തിയത്.

visakhapatnam gas leak  is a reminder of the bhopal tragedy
Author
Visakhapatnam, First Published May 7, 2020, 12:46 PM IST

വിശാഖപട്ടണം: വാതകച്ചോർച്ചയുണ്ടായ വെങ്കട്ടപ്പുരം ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ആ കുടുംബം. ബൈക്കിൽ പോകുന്നതിനിടെ അവരൊന്നാകെ ബോധരഹിതരായി വീണു.വെങ്കട്ടപ്പുരത്തെ വഴികളിലാകെ ബോധമറ്റ് കിടക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും. നിവർന്നുനിൽക്കാൻ കഴിയാതെ പലരും തളർന്നുവീണു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി....

ഭോപ്പാൽ ദുരന്തത്തെ ഓർമപ്പെടുത്ത ദൃശ്യങ്ങളായിരുന്നു പുലർച്ചെ വിശാഖപട്ടണത്ത് കണ്ടത്. മരണം മുന്നിൽക്കണ്ട ഗ്രാമീണർ ഓടിരക്ഷപ്പെടാൻപോലും കഴിയാതെ ബോധരഹിതരായി വീണു. ഓവുചാലിലും കിണറ്റിലുമായാണ് ഓരോ മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read Also: വിശാഖപട്ടണത്ത് വിഷവാതക ദുരന്തം: 7 മരണം, നിരവധി പേർ ബോധരഹിതരായി, ഗ്രാമങ്ങൾ ഒഴിപ്പിച്ചു...

ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് വെങ്കട്ടപുരം.ഉറക്കത്തിലായിരുന്നു എല്ലാവരും. വേനൽക്കാലമായതിനാൽ ജനലുകൾ തുറന്നിട്ടിരുന്നു. വീടിനുളളിൽ പുക നിറഞ്ഞ് ദുർഗന്ധം വമിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. അപകടം മണത്തവർ സുരക്ഷിത സ്ഥാനത്തേക്ക്  ഓടി. കിണറ്റിൽ വീണ് ഒരാൾ മരിച്ചു. പാതിവഴിയിൽ പലരും വീണുപോയി. പുറത്തിറങ്ങാൻ പൊലീസ് നിരന്തരം അറിയിപ്പ് കൊടുത്തിട്ടും പലവീടുകളിൽ നിന്നും പ്രതികരണം ഉണ്ടായില്ല. വാതകച്ചോർച്ച നിയന്ത്രിച്ച ശേഷമാണ് രക്ഷാപ്രവർത്തകർ വീടുകൾ കയറി ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്. ബോധമറ്റ അവസ്ഥയിലായിരുന്നു കുഞ്ഞുങ്ങളും പ്രായമായവരുമെല്ലാം. ഓടിപ്പോകാൻ കഴിയാതിരുന്ന കന്നുകാലികൾ ശ്വാസം കിട്ടാതെ വീണു.

വലിയ തോതിൽ വിഷവാതകം ശ്വസിച്ചവർക്കേ ഗുരുതര പ്രശ്നം ഉണ്ടാകൂ എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നീണ്ടുനിൽക്കാനാണ് സാധ്യതയെന്ന് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

Read Also: വിശാഖപട്ടണം വാതക ദുരന്തം: ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു; മലയാളികൾ സുരക്ഷിതരെന്ന് പ്രദേശവാസി...
 

Follow Us:
Download App:
  • android
  • ios