ദില്ലി: ജീവനക്കാരെ മൂന്ന് ദിവസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്. ശമ്പളമില്ലാത്ത അവധിയിാണ് നല്‍കുക. ഏപ്രില്‍ 15 മുതല്‍ 30 വരെയുള്ള കാലയളവില്‍ മൂന്ന് ദിവസമാണ് അവധി നല്‍കുക. തൊഴില്‍ സംരക്ഷിക്കാനുള്ള വഴിയായാണ് നടപടിയെന്ന് വിസ്താര സിഇഒ ലെസ്ലി തങ് പറഞ്ഞു.

ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മെയ് 3 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. ഈ കാലയളവില്‍ ആളുകളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാകരുതെന്ന് പ്രധാനമന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 14ന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 

തൊഴില്‍ നഷ്ടപ്പെടുത്താതെ തന്നെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാന്‍ തങ്ങള്‍ക്ക് ഇങ്ങനെ കടുത്ത തീരുമാനം എടുക്കേണ്ടി വരുന്നുവെന്ന് സിഇഒ പറഞ്ഞു. മൂന്ന് ദിവസത്തിലൊരിക്കല്‍ എന്ന ക്രമത്തില്‍ ഏപ്രില്‍ 15 മുതല്‍ 30 വരെയാണ് നിര്‍ബന്ധിത അവധി നല്‍കുക. കമ്പനി ജീവനക്കാരില്‍ 30 ശതമാനത്തിനാണ് ഇങ്ങനെ അവധി നല്‍കുന്നത് ബാക്കി 70 ശതമാനം തൊഴിലാളികളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മൂന്ന് ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ശമ്പളമില്ലാത്ത മൂന്ന് ദിവസത്തെ നിര്‍ബന്ധിത അവധി. രണ്ടാം ഘട്ടത്തില്‍ ശമ്പളമില്ല്‌ലാത്ത രണ്ട് ദിവസത്തെ നിര്‍ബന്ധിത അവധി. മൂന്നാം ഘട്ടത്തില്‍ ശമ്പളമില്ലാത്ത ഒരു ദിവസത്തെ അവധി. ഏപ്രില്‍ ഒന്നുമുതല്‍ 14 വരെ ഉന്നത ജീവനക്കാരില്‍ വിസ്താര ഇത് നടപ്പാക്കിയിരുന്നു. 1200 ഉദ്യോഗസ്ഥരെയാണ് ഇത് ബാധിക്കുക. ബാക്കിയുള്ള 2800 ജീവനക്കാരെ ഇത് ബാധിക്കില്ല.