സഹോദരനും ജീവനോടെ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു വിശ്വാസിന്റെ പ്രതീക്ഷ. എന്നാൽ, അജയിന് അപകടത്തെ അതിജീവിക്കാനായില്ല.
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ് സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിശ്വാസിന്റെ സഹോദരനായ അജയ് കുമാറും അപകടത്തിലാണ് മരിച്ചത്. എയര്‍ ഇന്ത്യയുടെ അപകടത്തിൽപ്പെട്ട എഐ 171 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാസ് മാത്രമായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റ് സമീപമുള്ള 11 എ എന്ന സീറ്റില്‍ ഇരുന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് 40-കാരനായ വിശ്വാസ് പറഞ്ഞിരുന്നു.
ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസും സഹോദരനും കുടുംബത്തെ കാണാനാണ് നാട്ടിലെത്തിയത്. സഹോദരനും ജീവനോടെ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു വിശ്വാസിന്റെ പ്രതീക്ഷ. എന്നാൽ, അജയിന് അപകടത്തെ അതിജീവിക്കാനായില്ല. പരിക്കേറ്റ് ചികിത്സയിലായിരുന്ന വിശ്വാസിനെ പ്രധാനമന്ത്രിയടക്കംസന്ദര്‍ശിച്ചു. പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് വിശ്വാസ് ആശുപത്രി വിട്ടത്.
അധികൃതര്‍ ഡിഎന്‍എ പരിശോധനയിലൂടെ സഹോദരന്‍ അജയിന്റെ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരന്‍റെ അന്ത്യചടങ്ങുകള്‍ക്കായി വിശ്വാസ് എത്തിയപ്പോള്‍ കണ്ടുനിന്നവര്‍പോലും വിങ്ങിപ്പൊട്ടി.
