ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതോ‌ടെ കർണാടകയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത്.

ബെം​ഗളൂരു: വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന നിർണായക രാഷ്ട്രീയ ആരോപണം ഉയർത്തുന്നതിനിടെ കർണാടക കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കി സഹകരണവകുപ്പ് മന്ത്രി കെഎൻ രാജണ്ണ. കോൺഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി രം​ഗത്തെത്തുകയായിരുന്നു. കോൺഗ്രസ് സർക്കാരിൻ്റെ കാലത്താണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി കെഎൻ രാജണ്ണ പറഞ്ഞു. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ല. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതോ‌ടെ കർണാടകയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത്.

വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതി അറിയിക്കേണ്ട സമയത്ത് നമ്മൾ അറിയിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ഇതോടെ മന്ത്രി രാജണ്ണയെ രൂക്ഷമായി വിമർശിച്ച് ഡികെ ശിവകുമാർ രം​ഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ഇതിൽ ഹൈക്കമാൻഡ് നടപടിയെടുക്കുമെന്നും ഡികെ ശിവകുമാർ പ്രതികരിച്ചു. അതേസമയം, കെഎൻ രാജണ്ണ രാജി വെച്ചേക്കുമെന്നാണ് സൂചന. വോട്ടർ പട്ടിക ക്രമക്കേടിൽ പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. മന്ത്രി ഉടൻ മുഖ്യമന്ത്രിയെ കണ്ടു രാജി നൽകിയേക്കും.

അതേസമയം, വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധ മാർച്ച് പൊലീസ് തട‍ഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ബാരിക്കേ‍ഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തടഞ്ഞത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതിനിടെ മഹുവ മൊയ്ത്ര എംപിക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. ചികിത്സ നൽകണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. അതേസമയം. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പറഞ്ഞു. 30,000 കള്ള മേൽവിലാസമെന്ന വാദം തെറ്റിദ്ധാരണാജനകമെന്നാണ് ഇലക്ഷൻ കമ്മീഷൻ്റെ നിലപാട്. ശകുൻ റാണി എന്ന എഴുപത്കാരി രണ്ട് തവണ വോട്ടു ചെയ്തെന്ന ആരോപണത്തിൽ രേഖ ഹാജരാക്കാൻ രാഹുൽ ഗാന്ധിക്ക് കർണ്ണാടക സിഇഒ നേരത്തെ നോട്ടീസ് നൽകിയിരുന്നു.

YouTube video player