Asianet News MalayalamAsianet News Malayalam

ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്ത, കരുണാനിധിയെ കസ്റ്റഡിയിലെടുത്ത ആ ഐപിഎസ് ഓഫീസർ ഓർമ്മയാകുമ്പോൾ

തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ചോദിച്ച് ഇന്ദിരാ ഗാന്ധി. വിലങ്ങുകളെടുക്കാൻ മറന്നു പോയെന്ന് മറുപടി കൊടുത്ത് ലക്ഷ്മിനാരായണൻ

vr lakshmi narayanan died who arrested indira gandi, who was lakshmi narayanan ips
Author
Chennai, First Published Jun 23, 2019, 5:06 PM IST

ചെന്നൈ: "ഇപ്പോൾ അലസനാണ്.. വിലങ്ങെടുക്കാൻ മറന്ന് പോയി.. " അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് വിലങ്ങെവിടെയെന്ന് ചോദിച്ച ഇന്ദിര ഗാന്ധിയ്ക്ക് കിട്ടിയ മറുപടി ഇങ്ങനെ.. രാജ്യം കണ്ട മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ലക്ഷ്മിനാരായണന്‍. മുൻ സിബിഐ ഡയറക്ടർ, ഏറെ കാലം തമിഴ്നാട് ഡിജിപി, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരൻ എന്നിങ്ങനെ ലക്ഷ്മി നാരായണൻ ഇന്ത്യക്കാർക്ക് പല വിധത്തിൽ പരിചിതനാണ്.

1945ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദമെടുത്ത ലക്ഷ്മി നാരായണൻ തനിക്ക് പൊലീസുകാരനാവണമെന്ന് തീരുമാനിക്കുകയായിരുന്നു. അച്ഛനും സഹോദരനും ജുഡീഷ്യൽ സർവ്വീസിൽ ആണെങ്കിലും തന്‍റെ വഴി മറ്റൊന്നാണെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. 1977 ഒക്ടോബര്‍ 3ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തതതും തമിഴ്നാട് ഡിജിപിയായിരിക്കുമ്പോൾ ഡിഎംകെ നേതാവ് എം കരുണാനിധിയെ അറസ്റ്റ് ചെയ്തതും ലക്ഷ്മിനാരായണനായിരുന്നു. 

"അമ്മയെ വിളിക്കൂ.. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരു വനിതയുടെ, അതിലുപരി ജവഹർലാൽ നെഹ്റുവിന്‍റെ മകളുടെ കയ്യിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പരുക്കനായ കൈകൾ കൊണ്ട് വിലങ്ങണിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" അടിയന്തരാവസ്ഥ അവസാനിച്ചതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്യാനെത്തിയ ലക്ഷ്മിനാരായണൻ രാജീവ് ഗാന്ധിയോട് പറഞ്ഞതിങ്ങനെയായിരുന്നു.

എന്നാൽ, ഈ സമയം അകത്ത് നിന്ന് ഇറങ്ങി വന്ന ഇന്ദിരാ ഗാന്ധി തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ലക്ഷ്മിനാരായണനോട് ചോദിച്ചു. ആ സമയം അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, "മികച്ച സേവനത്തിനുള്ള മെഡൽ താങ്കളുടെ കയ്യിൽ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അലസനാണ്.. വിലങ്ങുകളെടുക്കാൻ മറന്നു പോയി".

അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധി ലക്ഷ്മിനാരായണനെ സിബിഐ ഡയറക്ടറാക്കാൻ ആഗ്രഹിച്ചുവെങ്കിലും തമിഴ്നാട് ഡിജിപിയായി ചുമതലയേൽക്കണമെന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ദീർഘ കാലം തമിഴ്നാട് ഡിജിപിയായിരുന്ന ലക്ഷ്മി നാരായണൻ 1985 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

വിരമിച്ച ശേഷം തന്‍റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തിയിരുന്നു. സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രധാന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിരുന്ന വി ആർ ലക്ഷ്മി നാരായണൻ തന്‍റെ 91ആം വയസിൽ വിട പറയുമ്പോൾ നഷ്ടമാകുന്നത് സംഭവബഹുലമായ ഒരു കാലഘട്ടത്തിന്‍റെ സാക്ഷിയെക്കൂടിയാണ്. 
 

Follow Us:
Download App:
  • android
  • ios