ചെന്നൈ: ജലക്ഷാമം മൂലം ദുരിതം പേറുന്ന ചെന്നൈ നിവാസികള്‍ക്ക് കഴിഞ്ഞ ദിവസം മഴ പെയ്തത് വലിയ ആശ്വാസമായിരുന്നു. വിവിധ ഭാ​ഗങ്ങളി‍ൽ കനത്ത മഴ പെയ്തെങ്കിലും ന​ഗരത്തിലെ കുടിവെള്ളം ക്ഷാമത്തിന് അറുതിയില്ല. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസം ഇല്ലാതെ ഒരു കുടം വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. രാവിലെ എഴുന്നേറ്റതു മുതൽ ഉറങ്ങുന്നത് വരെ വെള്ളത്തിനായി നാടുനീളെ പരക്കം പായുകയാണ് ചെന്നൈ ന​ഗരമെന്ന് ഓർമ്മപ്പെടുത്തുകയാണ് പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ഇളമതി. 

രാവിലെ ഉണര്‍ന്ന ഉടനെ ദൂരെ പാലത്തിന് സമീപം പോയി വെള്ളം ശേഖരിക്കണം, പരമാവധി നാല് കുടമേ കിട്ടൂ. അവിടെ നിന്ന് വെള്ളം കൊണ്ടുവന്ന് പിന്നീട് സ്കൂളില്‍ എത്തുമ്പോഴേക്കും വൈകുമെന്നും ഇളമതി പറഞ്ഞു. സ്കൂളില്‍ കൂടുതലും ക്യാന്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. ചിലപ്പോള്‍ കുടിവെള്ള ടാങ്കര്‍ എത്തും. അഞ്ച് മണിക്ക് സ്കൂള്‍ വിട്ട് വന്നാല്‍ ഉടനെ വെള്ളത്തിനായി ഓടും. എത്തുമ്പോഴേക്കും വലിയ ക്യൂ ഉണ്ടാവും. തിക്കിലും തിരക്കിലും പെട്ട് നടുവേദന പതിവാണ്. കുറച്ച് വെള്ളമേ വരൂ. മണിക്കൂറുകള്‍ അവിടെ നഷ്ടമാവും. പഠിക്കാന്‍ ലഭിക്കുന്നത് ആകെ കുറച്ച് സമയം മാത്രമാണെന്നും ഇളമതി കൂട്ടിച്ചേർത്തു.

ജലക്ഷാമം മൂലം ദുരിതം പേറുന്ന ചെന്നൈ നിവാസികള്‍ക്ക് ആശ്വാസമായി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ നഗരത്തില്‍ മഴ പെയ്തത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ആമ്പത്തൂര്‍, വില്ലിവാക്കം, അശോക് നഗര്‍, താമ്പരം, ടി ന​ഗർ, തൈനാപേട്ട്, നന്ദനം വടപളനി, റോയപ്പേട്ട ഉള്‍പ്പടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തു. ശക്തമായ മഴ മൂലം ന​ഗരത്തിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. 

ന​ഗരത്തിൽ 9.5 മില്ലി മീറ്റർ അളവിലാണ് മഴ ലഭിച്ചതെന്ന് നുങ്കപക്കം കലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോർട്ട് ചെയ്തു. എന്നാല്‍ സംസ്ഥാനത്തെ ഉൾ​​ഗ്രാമങ്ങളിൽ പെയ്ത മഴയുടെ അളവ് വളരെ കുറവായിരുന്നു. അതേസമയം, വരള്‍ച്ച നേരിടാന്‍ കടല്‍ വെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദിവസേന 150 മില്ല്യണ്‍ ലിറ്റര്‍ കടല്‍വെള്ളം ശുദ്ധീകരിക്കും.ഡീസാലിനേഷന്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ യുഎഇ ആസ്ഥാനമായ കമ്പനിയുമായി 1700 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു.