ഗുല്‍ബര്‍ഗ: ഇന്ത്യയിലെ മുസ്ലീങ്ങള്‍ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടി ഹിന്ദുക്കളെ മറികടക്കാനുള്ള  ശക്തിയുണ്ടെന്ന് എഐഎംഐഎം നേതാവും മുന്‍ എംഎല്‍എയുമായ വാരിസ് പത്താന്‍. ഫെബ്രുവരി 16ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലാണ് വാരിസ് വിവാദ പ്രസംഗം നടത്തിയത്. പാര്‍ട്ടി നേതാന് അസദുദ്ദീന്‍ ഒവൈസിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. 

''ഞങ്ങള്‍ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടിയേക്കാള്‍ ശക്തിയുണ്ട്. ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ നേടിയെടുക്കും. സമരത്തില്‍ എന്തുകൊണ്ടാണ് സ്ത്രീകളെ മുന്നില്‍ നിര്‍ത്തുന്നതെന്ന് ചോദിക്കുന്നു. പെണ്‍ സിംഹങ്ങള്‍ മാത്രം പുറത്തിറങ്ങിയപ്പോള്‍ തന്നെ അവര്‍ വിയര്‍ത്തു. ഞങ്ങളെല്ലാം ഒരുമിച്ച് വന്നാല്‍ എന്ത് സംഭവിക്കുമെന്ന്  നിങ്ങളൊന്ന് സങ്കല്‍പ്പിക്കൂ. 100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട്''-വാരിസ് പത്താന്‍ പറഞ്ഞു. 

വാരിസ് പത്താന്‍റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. മഹാരാഷ്ട്ര യുവമോര്‍ച്ച നേതാവ് പരിശ്മാള്‍ ദേശ്പാണ്ഡെ പൊലീസില്‍ പരാതി നല്‍കി. പത്താന്‍റെ പ്രസ്താവ മതസ്പര്‍ധ വളര്‍ത്തുന്നതിനും കലാപത്തിന് കാരണമാകുന്നതുമാണെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ഡെക്കാന്‍ ജിംഖാന പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

മഹാരാഷ്ട്ര ബിജെപിയും വാരിസ് പത്താനെതിരെ രംഗത്തെത്തി. ആരെയാണ് നിങ്ങള്‍ ഭീഷണിപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാറിന് നിങ്ങളോട് ക്ഷമിക്കാന്‍ കഴിയും. പക്ഷേ മഹാരാഷ്ട്ര ജനത നിങ്ങളെ പാഠം പഠിപ്പിക്കുമെന്നും ബിജെപി ട്വീറ്റ് ചെയ്തു. തന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് പത്താന്‍ വിശദീകരിച്ചു.