95 ലധികം രാജ്യങ്ങളിൽ കൊവിഡ് -19 ബാധിച്ചു കഴിഞ്ഞു. കൊറോണാ വൈറസുമായി ബന്ധപ്പെട്ട നിരവധി മീമുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരു കേന്ദ്രമന്ത്രി ബുദ്ധസന്യാസികൾക്കൊപ്പം നിന്ന് 'ഗോ കൊറോണ, കൊറോണാ ഗോ' എന്ന് പറയുന്ന വീഡിയോയും വൈറലാണ്. അതോടൊപ്പം, ഇതാ രാജസ്ഥാനിൽ നിന്ന് മറ്റൊരു വീഡിയോയും വൈറലാവുന്നുണ്ട്. അത് രാജസ്ഥാനിലെ ഒരുകൂട്ടം സ്ത്രീകളുടേതാണ്. 

മരുന്നിനും മന്ത്രത്തിനും മുന്നിൽ വീറോടെ പിടിച്ചു നിൽക്കുന്ന കൊറോണ വൈറസിനെ പാട്ടുപാടി ഓടിക്കാനാണ് അവരുടെ ശ്രമം. " ഓടിപ്പോ കൊറോണാ.. നീ ഓടിപ്പോ.. ! ഈ ഭാരതത്തിൽ നിനക്കെന്താ കാര്യം കൊറോണാ..? നീ ഓടിപ്പോ.."  ഞങ്ങളെല്ലാം ശുദ്ധ വെജിറ്റേറിയൻസാണ്, ബജ്രയുടെ റോട്ടി നെയ്യും പുരട്ടി പച്ചിലകളും കൂട്ടി തിന്നുന്ന, പക്ഷിമൃഗാദികളെ സ്നേഹത്തോടെ മാത്രം കണക്കാക്കുന്ന ഞങ്ങളെ  നീ എന്തിനാണ് ഞങ്ങളെ ഉപദ്രവിക്കുന്നത് എന്നും, ഇപ്പോൾ ഞങ്ങൾ ഹോളിക്കുള്ള തയ്യാറെടുപ്പിലാണ്, ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുത് എന്നൊക്കെ അവർ രാജസ്ഥാനി ഭാഷയിൽ കൊറോണാ വൈറസിനോട് പരിഭവം പറയുന്നുണ്ട് പാട്ടിന്റെ അടുത്ത വരികളിൽ.