‘ഇത് ഇപ്പോൾ ഒരു രഹസ്യമല്ല. ഓപ്പറേഷൻ സിന്ദൂർ സമയത്തെ ഇന്ത്യൻ നാവികസേന ശക്തമായ പ്രതിരോധം തീർത്തിരുന്നു. അതിനാൽ പാകിസ്ഥാൻ നാവികസേനയ്ക്ക് അവരുടെ തുറമുഖങ്ങൾക്ക് സമീപത്തോ, മക്രാൻ തീരത്തോ ഒതുങ്ങിക്കൂടേണ്ടി വന്നു’.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ കടലിലൂടെയും ആക്രമിക്കാൻ ഇന്ത്യ സുസജ്ജമായിരുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി. പാക്കിസ്ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ തയ്യാറെടുത്തിരുന്നു. ആക്രമണത്തിന് മിനിറ്റുകൾ മാത്രം അകലെയായിരുന്നു നാവിക സേന. ആ സമയത്താണ് പാകിസ്ഥാൻ സൈനിക നടപടികൾ നിർത്തിവെക്കാൻ അഭ്യർത്ഥിച്ചതെന്നും ദിനേഷ് കെ. ത്രിപാഠി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ വിശിഷ്ട സേവനത്തിന് രണ്ട് ഉന്നത നാവിക ഉദ്യോഗസ്ഥർക്ക് യുദ്ധ് സേവാ മെഡലുകൾ സമ്മാനിച്ചുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് ഇപ്പോൾ ഒരു രഹസ്യമല്ല. ഓപ്പറേഷൻ സിന്ദൂർ സമയത്തെ ഇന്ത്യൻ നാവികസേന ശക്തമായ പ്രതിരോധം തീർത്തിരുന്നു. അതിനാൽ പാകിസ്ഥാൻ നാവികസേനയ്ക്ക് അവരുടെ തുറമുഖങ്ങൾക്ക് സമീപത്തോ, മക്രാൻ തീരത്തോ ഒതുങ്ങിക്കൂടേണ്ടി വന്നു. ഇന്ത്യൻ സേന പാകിസ്ഥാനെ ആക്രമിക്കാൻ സുസജ്ജമായിരുന്നു, അവരുടെ അഭ്യർത്ഥന വന്നതോടെയാണ് തങ്ങൾ പിൻവാങ്ങിയതെന്നും നാവികസേനാ മേധാവി പറഞ്ഞു.

യുദ്ധകാലയളവിലുടനീളം നാവികസേന അതീവ ആക്രമണോത്സുകമായ നിലപാടാണ് സ്വീകരിച്ചതെന്നും ദിനേഷ് കെ. ത്രിപാഠി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ സമയത്തെ നാവികസേനയുടെ പ്രകടനം രാജ്യത്തിന്റെ വളരെയധികം ആത്മവിശ്വാസം വർധിപ്പിച്ചു. പശ്ചിമ സമുദ്രതീരത്ത് നടത്തിയ 17 മണിക്കൂർ നീണ്ട ചരിത്രപരമായ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ സേനയുടെ കരുത്ത് തെളിയിക്കാൻ സാധിച്ചെന്നും നാവികസേന അഡ്മിറൽ പറഞ്ഞു.