ഖുഷിനഗര്‍: മുസ്ലിം യുവാവിന്‍റെ വിവാഹം ലവ് ജിഹാദെന്ന പ്രചാരണത്തിന് പിന്നാലെ തടസപ്പെടുത്തി  യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ ഖുഷിനഗറിലാണ് സംഭവം. 39കാരനായ ഹൈദര്‍ അലിയുടെ വിവാഹമാണ് പൊലീസ് തടസപ്പെടുത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മിശ്രവിവാഹം നടക്കുന്നതായും മുസ്ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം ചെയ്യുന്നുവെന്നും മതം മാറ്റിയാണ് വിവാഹമെന്നുമായിരുന്നു ഖുഷി നഗര്‍ പൊലീസിന് ലഭിച്ച ഫോണ്‍ കോള്‍. 

വിവാഹവേദിയിലെത്തിയെ പൊലീസ് പ്രതിശ്രുത വരനേയും വധുവിനേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവരും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്ന ഇവരുടെ വാദം പൊലീസ് ശ്രദ്ധിച്ചില്ല. പിന്നീട് വധുവിന്‍റെ ബന്ധുക്കളെത്തി യുവതി മുസ്ലിം ആണെന്നതിന്റെ തെളിവുകള്‍ നല്‍കിയ ശേഷമാണ് ഇവരെ വിട്ടയ്ക്കാന്‍ പൊലീസ് തയ്യാറായത്. 

തെറ്റായ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. അതേസമയം പൊലീസുകാര്‍ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായാണ് ഹൈദര്‍ അലി ആരോപിക്കുന്നത്. മണിക്കൂറുകളോളം പൊലീസുകാര്‍ പീഡിപ്പിച്ചതായും യുവാവ് ആരോപിച്ചതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് ഇവരം വിട്ടയക്കാന്‍ പൊലീസ് തയ്യാറായത്. എന്നാല്‍ യുവാവിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന ആരോപണം പൊലീസ് തള്ളി. ഇവരെ രസഹ്യമായല്ല പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം ബുധനാഴ്ച ഇവരുടെ വിവഹം നടന്നു.