വരന്റെ സംഘത്തിന്റെ വരവ് അറിയിക്കുന്ന റിബ്ബൺ മുറിക്കൽ ചടങ്ങിനിടെയാണ് ബന്ധു സ്ത്രീകളെ വരന്റെ സുഹൃത്തുക്കൾ കമന്റടിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിവാഹ വേദിയിൽ തർക്കമായി. തർക്കം വൈകാതെ തന്നെ കയ്യേറ്റത്തിലെത്തുകയായിരുന്നു.
ഹരിദ്വാർ: ബന്ധു സ്ത്രീകളെ കമന്റടിച്ച് വരന്റെ സുഹൃത്തുക്കൾ. വിവാഹം വേണ്ടെന്ന് വധു. പിന്നാലെ വിവാഹ വേദിയിൽ കൂട്ടത്തല്ല്. ഒടുവിൽ ആഘോഷവേദിയിൽ നിന്ന് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി തിരികെ പോവേണ്ട അവസ്ഥയിൽ വരനും സംഘവും. ചൊവ്വാഴ്ച രാത്രി ഹരിദ്വാറിലാണ് സംഭവം. ഇരു കൂട്ടരും തമ്മിലുള്ള കൂട്ടയടി ദൃശ്യങ്ങൾ വിവാഹ വേദിയിലെ സിസിടിവിയിലും പതിഞ്ഞു.
വരന്റെ സംഘത്തിന്റെ വരവ് അറിയിക്കുന്ന റിബ്ബൺ മുറിക്കൽ ചടങ്ങിനിടെയാണ് ബന്ധു സ്ത്രീകളെ വരന്റെ സുഹൃത്തുക്കൾ കമന്റടിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിവാഹ വേദിയിൽ തർക്കമായി. തർക്കം വൈകാതെ തന്നെ കയ്യേറ്റത്തിലെത്തുകയായിരുന്നു. ഉത്തർ പ്രദേശിലെ മൊറാദാബാദിൽ നിന്നാണ് വരന്റെ സംഘം ഹരിദ്വാറിലെത്തിയത്. സംഘർഷം കൈ വിട്ടുപോയതിന് പിന്നാലെയാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
ഇരു കൂട്ടരും തമ്മിലുള്ള അടിപിടിയുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ സംഭവത്തിൽ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. അക്രമത്തിന് ഇടയിൽ കയ്യിൽ കിട്ടിയ കല്ലടക്കം ഉപയോഗിച്ച് പരസ്പരം പോരടിക്കുന്ന ആളുകളെ വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും. വിവാഹവേദിയിലെ ചില്ലുകളും മറ്റും കയ്യാങ്കളിയിൽ തകർന്നിട്ടുണ്ട്. വരന്റെയും വധുവിന്റെയും വീട്ടുകാരുടെ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.
