Asianet News MalayalamAsianet News Malayalam

പശ്ചിമ ബംഗാളില്‍ മമതയ്ക്ക് മുമ്പില്‍ 'ജയ് ശ്രീറാം' വിളിച്ച പത്ത് പേര്‍ അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമതാ ബാനര്‍ജിയുടെ യാത്രക്കിടെ ജയ് ശ്രീറാം വിളിച്ച ആള്‍ക്കൂട്ടത്തോട് ക്രുദ്ധയായി സംസാരിക്കുന്ന  മമതാ ബാനര്‍ജിയുടെ വീഡിയോ പുറത്തുവന്നിരുന്നു.

West Bengal 10 people have been arrested for chanting Jai Shri Ram
Author
West Bengal, First Published May 31, 2019, 12:01 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമതാ ബാനര്‍ജിയുടെ യാത്രക്കിടെ ജയ് ശ്രീറാം വിളിച്ച ആള്‍ക്കൂട്ടത്തോട് ക്രുദ്ധയായി സംസാരിക്കുന്ന  മമതാ ബാനര്‍ജിയുടെ വീഡിയോ പുറത്തുവന്നിരുന്നു.

നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. രണ്ട് തവണ കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. ജയ് ശ്രീറാം വിളിക്കുന്നവരുടെ പേര് എഴുതിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇവരില്‍ പത്ത് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

തനിക്കെതിരെ ബംഗാളിന് പുറത്ത്നിന്ന് എത്തിയ ചിലരാണ് ജയ് ശ്രീറാം വിളിക്കുന്നതെന്ന് മമത ആരോപിച്ചിരുന്നു. ബിജെപി-തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോഴായിരുന്നു സംഭവം. 

തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനെതിരെ നൈഹാതിയില്‍ സംഘടിപ്പിക്കുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മമത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെയായിരുന്നു മമതയുടെ ധര്‍ണ. 

മമതയുടെ കാര്‍ അടുത്തെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കി. കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി ബിജെപി പ്രവര്‍ത്തകരോട് കയര്‍ത്തു. നിങ്ങളെന്താണ് കരുതിയത്. അന്യസംസ്ഥാനങ്ങളില്‍നിന്നെത്തിയ നിങ്ങള്‍ ഞങ്ങളെ അപമാനിക്കാമെന്ന് കരുതിയോ. ഞാനിത് സഹിക്കില്ല. എന്നെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. 

നിങ്ങളുടെ എല്ലാവരുടെയും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുമെന്നും നടപടിയെടുക്കുമെന്നും മമത ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നീട് നടന്ന ധര്‍ണയിലും ബിജെപി പ്രവര്‍ത്തകര്‍ തന്നെ അപമാനിച്ചെന്ന് മമത ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios