കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച ഒരു പ്രാദേശിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മനീഷ് ശുക്‌ളയ്ക്ക് വെടിയേറ്റത്. കൊല്‍ക്കത്തയില്‍ നിന്ന് 20 കിലോമീറ്റര്‍ അകെല ബരാക്‌പോറിലാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച ബിജെപി സ്ഥലത്ത് 12 മണിക്കൂര്‍ ബന്ധ് പ്രഖ്യാപിച്ചു. 

എന്നാല്‍ ബിജെപിയുടെ ആരോപണം ത്രിണമൂല്‍ തള്ളി. സംഭവത്തില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ അനുശോചിച്ചു. ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവനിലെത്താനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു സംഘം ആളുകളാണ് മനീഷ് ശുക്ലയ്ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

മനീഷിന്റെ തലയ്ക്കും നെഞ്ചിലും പുറത്തുമാണ് വെടിയേറ്റത്. ഇയാളെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു, പിന്നീട് കൊല്‍ക്കത്തയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം വിന്യസിച്ചു.