ദില്ലി: ബിജെപി സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ നിശിതമായി പരിഹസിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ​ഗോലി മാരോ മുദ്രാവാക്യത്തെ അമിത് ഷാ വിമർശിച്ച സംഭവത്തെ രോ​ഗി മരിച്ചതിന് ശേഷം ഡോക്ടർ വന്നതുപോലെ ആണെന്നാണ് മമത പരിഹാസം. ​ഗോലി മാരോ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ അമിത് ഷാ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ദില്ലി തെര‍ഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വെടിവെക്കൂ, പാകിസ്ഥാനിലേക്ക് പോകൂ എന്നിങ്ങനെയുള്ള പരാമർശങ്ങൾ, വിവിധ വിഷയങ്ങളിൽ‌ ബിജെപി നേതാക്കൾ നടത്തിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുവെന്നും ഒരു പക്ഷേ ദില്ലി തെര‍ഞ്ഞെടുപ്പിൽ ബിജെപി നേരിട്ട പരാജയത്തിന് കാരണമായത് ഇത്തരം പരാമർശങ്ങളായിരിക്കുമെന്നും ഷാ പറഞ്ഞിരുന്നു. 

പ്രതിഷേധം നടത്തുന്ന ജനങ്ങളോട് എതിർപ്പുള്ള ചില ആളുകൾ‌ അവരെ വെടിവെയ്ക്കുമെന്ന് പരസ്യമായി  ഭീഷണിപ്പെടുത്തുന്നു എന്ന് ബിജെപി നേതാക്കളെ പരാമർശിച്ച് മമത ബാനർജി പറഞ്ഞു. നിങ്ങൾ അവരോട് യോജിക്കുന്നില്ലെങ്കിൽ, അവർ 'ബോളി നഹി തോ ഗോളി' എന്നാണ് പറയുന്നത്. എല്ലാവരേയും വെടിവെക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുന്നു. ഇപ്പോൾ എന്തിനാണ് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്? രോ​ഗി മരിച്ചതിന് ശേഷം  എന്തിനാണ് ഡോക്ടർ വരുന്നത്? അമിത് ഷായുടെ പേര് വെളിപ്പെടുത്താതെ മമത ചോദിച്ചു. 

ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന നിയമസഭയിൽ ഗവർണർ അഭിസംബോധന ചെയ്ത പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു മമത ബാനർജി. ബംഗാളിൽ സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പോലീസ് ഉടൻ പരാതികൾ ഫയലിൽ സ്വീകരിക്കുന്നുണ്ട്. എന്നാൽ യുപിയിലേക്ക്  നോക്കൂക. അവിടെ ഇരകളെ ജീവനോടെ ചുട്ടുകൊല്ലുകയും അവരുടെ കുടുംബങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. മമത പറഞ്ഞു.