കൊൽക്കത്ത: പാകിസ്ഥാനിൽനിന്നുള്ള തടവുകാരെ ഉയർന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റി ബം​ഗാൾ സർ‌ക്കാർ. 14 പാക് തടവുകാരെയാണ് ഉയർന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്പൂര്‍ സെ‍ന്‍ട്രല്‍ ജയിലില്‍ പാക് തടവുകാരനെ സഹതടവുകാര്‍ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് ബം​ഗാൾ സർക്കാരിന്റെ നടപടി.  
  
അമേരിക്കൻ സെന്റർ ആക്രമണം നടത്തിയ കേസിലെ പ്രതികൾ, മാവോയിസ്റ്റുകാർ എന്നിവരെ പാർപ്പിച്ചിരിക്കുന്ന ജയിലിലേക്കാണ് പാക് തടവുകാരെ മാറ്റിയിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് ഇവരെ മാറ്റിയത്. 14ൽ നാല് പേരെ പ്രസിഡൻസി കറക്ഷണൽ ഹോമിലേക്കും ബാക്കിയുള്ളവരെ ദംദം സെൻട്രൽ കറക്ഷൺ ഹോമിലേക്കുമാണ് പാർപ്പിച്ചിരിക്കുന്നത്. 

Read more: ജയ്പൂര്‍ ജയിലിലെ പാക് തടവുകാരന്റെ കൊലപാതകം; പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷനും സ്ഥലം മാറ്റവും

തടവുകാരിൽ മിക്കവരും വിസാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്നവരാണ്. മറ്റ് തടവുകാരുമായി ഇടപഴകുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിർദ്ദേശങ്ങളാണ് പാക് തടവുകാർക്ക് നിൽകിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.