ദില്ലി: കൊവിഡ് 19 രോ​ഗികളുടെ ഡേറ്റ വെളിപ്പെടുത്തുന്ന കാര്യത്തിൽ പശ്ചിമബം​ഗാൾ ഒളിച്ചുകളിക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. സംസ്ഥാനത്ത് എത്ര കൊവിഡ് രോ​ഗികളുണ്ടെന്ന കണക്ക് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കൊറോണ വൈറസ് ബാധിച്ചവരുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തിൽ പശ്ചിമ ബം​ഗാൾ സർക്കാർ സാധാരണക്കാരോട് ഒളിച്ചു കളിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.' ചൗധരി പറഞ്ഞു. 

മരണപ്പെട്ട വ്യക്തിയുടെ ഡെത്ത് സർട്ടിഫിക്കറ്റിൽ മരണകാരണം കൊറോണ എന്ന് രേഖപ്പെടുത്തരുതെന്ന് എല്ലാ ഡോക്ടർമാരോടും ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'ഏതെങ്കിലും വ്യക്തി കൊറോണ ബാധിച്ച് മരിച്ചാൽ അവരുടെ മരണ സർട്ടിഫിക്കറ്റിൽ മരണകാരണം കൊറോണയാണെന്ന് രേഖപ്പെടുത്തരുതെന്ന് മുർഷിദാബാദ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന വസ്തുത വെളിപ്പെടുത്താൻ ഞാൻ ആ​ഗ്രഹിക്കുന്നു. പശ്ചിമബം​ഗാൾ സർക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യമാണെന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.' ചൗധരി വ്യക്തമാക്കി. കൊവിഡ് രോഗബാധയെ കൈകാര്യം ചെയ്യുന്നതില്‍ മമത സര്‍ക്കാര്‍ പരാജയമാണെന്ന് ബിജെപി നേതാവ് ദിലിപ് ഘോഷ് ആരോപണമുന്നയിച്ചിരുന്നു.