ഗോവയിൽ അംബർഗ്രീസുമായി മൂന്ന് പേർ പിടിയിൽ
പനാജി: വിപണിയിൽ കോടികൾ വിലമതിക്കുന്ന അംബർഗ്രീസുമായി മൂന്ന് പേർ പിടിയിൽ. ഗോവ സ്വദേശികളായ സായ്നാഥ് (50), രത്നകാന്ത് (55), മഹാരാഷ്ട്ര സ്വദേശിയായ യോഗേഷ് (40) എന്നിവരെയാണ് ഗോവ പൊലീസ് പിടികൂടിയത്.
സൻഗിയം ഗ്രാമത്തിലേക്ക് കാറിൽ കൊണ്ടുപോകവേയാണ് തിമിംഗല ഛർദി പൊലീസ് പിടികൂടിയത്. 5.75 കിലോ ഗ്രാം ഭാരം വരുന്ന ഛർദിയാണ് പിടികൂടിയത്. ഇതിന് 10 കോടിയിലേറെ വിലയുണ്ട്. പെർഫ്യൂം ഉണ്ടാക്കാനാണ് തിമിംഗല ഛർദി സാധാരണ ഉപയോഗിക്കാറുള്ളത്.
വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 2 പ്രകാരം തിമിംഗല ഛർദി കൈവശം വയ്ക്കുന്നതോ സൂക്ഷിക്കുന്നതോ കുറ്റകരമാണ്. തിമിംഗല ഛർദി ഇവർക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
