റായ്ബറേലി:  സോണിയ ഗാന്ധിയെ പുകഴ്ത്തി കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറിയും മകളുമായ പ്രിയങ്ക ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാലാം അങ്കത്തിനിറങ്ങുന്ന സോണി ഗാന്ധിയുടെ പത്രിക സമര്‍പ്പണത്തില്‍ രാഹുല്‍ ഗാന്ധിയും റോബര്‍ട്ട് വദ്രയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് എത്തിയതിനു പിന്നാലെയാണ് സോണിയ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തത്.

"എല്ലാ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയക്കാരും തീര്‍ച്ചയായും എന്റെ അമ്മയില്‍ നിന്ന് ഇത് പഠിക്കണം-റായ്ബറേലിയിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള അര്‍പ്പണബോധം. പൊതുപ്രവര്‍ത്തനവും ആത്മാര്‍പ്പണവുമാണ് രാഷ്ട്രീയം. ഇതിനുള്ള അവസരം ആര്‍ക്കൊക്കെ ലഭിക്കുന്നുവോ, അവര്‍ ജനങ്ങളോട് നന്ദിയുള്ളവരാകാണം..''  സോണിയ ഗാന്ധിയൂടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ഇത് കുറിച്ചത്. 

റായ്ബറേലിയില്‍ നാലാം തവണയാണ് സോണിയ ഗാന്ധി ജനവിധി തേടുന്നത്. 2004 ല്‍ മകന്‍ രാഹുല്‍ ഗാന്ധിയുടെ കന്നി അങ്കത്തിനായി അമേഠി ഒഴിഞ്ഞു നല്‍കിയാണ് സോണിയ ഗാന്ധി റായബറേലിയിലേക്ക് ചുവടുമാറ്റിയത്. 

പത്രിക സമര്‍പ്പണത്തിനു മുമ്പേ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മരുമകന്‍ റോബേര്‍ട്ട് വദ്രയ്ക്കുമൊപ്പം  പ്രത്യേക പൂജകള്‍ക്കു ശേഷം റോഡ് ഷോ ആയിട്ടാണ് പത്രിക സമര്‍പ്പിക്കാന്‍ സോണിയ ഗാന്ധി എത്തിയത്.