മുംബൈ:  ശിവസേന മതനിരപേക്ഷത സ്വീകരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുചോദ്യവും മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും, ശിവസേന തലവനുമായ ഉദ്ധവ് താക്കറേ. ഇന്നലെ ശിവാജി പാര്‍ക്കില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറേ.

മതനിരപേക്ഷത എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് തിരിച്ച് ചോദിച്ചു. ഭരണഘടനയില്‍ എന്താണോ പറഞ്ഞിരിക്കുന്നത് അതാണ് മതനിരപേക്ഷതയെന്നും അദ്ദേഹം വ്യക്തമാക്കി. 

മഹാവികാസ് അഘാടി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തുടങ്ങുന്നതിന് മുന്നെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.  താങ്കളുടെ പാര്‍ട്ടി മതനിരപേക്ഷതയുടെ പ്രത്യയശാസ്ത്രം അംഗീകരിച്ചാണോ കോണ്‍ഗ്രസുമായും എന്‍സിപിയുമായും കൂട്ടുകൂടിയതെന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനാണ് ഉദ്ധവ് മറുപടി നല്‍കിയത്.

ശിവജി പാര്‍ക്കില്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി മഹാവികാസ് അഘാടി നേതാക്കള്‍ നടത്തിയ പത്ര സമ്മേളനത്തില്‍ മതനിരപേക്ഷത സംബന്ധിച്ചുള്ള സംയുക്ത കാഴ്ചപ്പാട് വ്യക്തമാക്കിയിരുന്നു. മതനിരപേക്ഷത എന്നാല്‍ ഹിന്ദുക്കള്‍ ഹിന്ദുക്കളായി തുടരുമെന്നും മുസ്ലിങ്ങള്‍ മുസ്ലിങ്ങളായി തുടരുമെന്നുമാണ് അര്‍ത്ഥമാക്കുന്നതെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വ്യാഴാഴ്ചയാണ് ശിവസേന ജന്മംകൊണ്ട ശിവജി പാർക്കിൽ ബാൽ താക്കറെയുടെ ശവകുടീരത്തെ സാക്ഷിയാക്കിയാണ് മകൻ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി ചുമതലയേറ്റെടുത്തത്. അങ്ങനെ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ഉദ്ധവ്. ത്രികക്ഷി സഖ്യത്തിലെ ആറുപേരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. 

കോൺഗ്രസിൽ നിന്ന് പിസിസി പ്രസിഡന്റ് ബാലാസാഹെബ് തോറാട്ട്, നിതിന്‍ റാവത്ത് എന്നിവരും. എൻസിപിയിൽ നിന്ന് ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ. ശിവസേനയിൽ നിന്ന് ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരും ഉദ്ധവിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ശരത് പവാറും സുപ്രിയ സുളെക്കുമൊപ്പം അജിത് പവാറും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.