തീവ്രവാദികൾക്ക് കണ്ണടച്ച് പോലും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയുന്നത്ര കൃത്യമായിരുന്നു തയ്യാറെടുപ്പുകൾ. മുംബൈ ആക്രമണത്തിൻ്റെ ആസൂത്രണം എങ്ങനെയായിരുന്നുവെന്ന് അറിയാം.

2008 നവംബർ 22- പാകിസ്ഥാനിലെ കറാച്ചി കടൽത്തീരം. 10 ഭീകരരെ രണ്ടംഗങ്ങൾ വീതമുള്ള അഞ്ച് ജോഡികളായി തിരിച്ചു. 10,800 ഇന്ത്യൻ രൂപയും ഒരു മൊബൈൽ ഫോണും നൽകി. ഒരു ചെറിയ ബോട്ടിൽ കയറ്റി എല്ലാവരെയും യാത്രയാക്കി. അവരുടെ ലക്ഷ്യം മുംബൈ ആയിരുന്നു. ജീവൻ വെടിയും വരെ ആളുകളെ കൊല്ലുക എന്നതായിരുന്നു അവരുടെ ദൗത്യം. 166 പേർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായ 26/11 മുംബൈ ആക്രമണത്തിൻ്റെ 17-ാം വാർഷികമാണ് ഇന്ന്. ഏഴ് വർഷം കൊണ്ട് തയ്യാറാക്കിയ പ്ലാൻ ആയിരുന്നു ഈ ഭീകരാക്രമണം. തീവ്രവാദികൾക്ക് കണ്ണടച്ച് പോലും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയുന്നത്ര കൃത്യമായിരുന്നു തയ്യാറെടുപ്പുകൾ. മുംബൈ ആക്രമണത്തിൻ്റെ ആസൂത്രണം എങ്ങനെയായിരുന്നുവെന്ന് അറിയാം.

സൈനിക സ്കൂളിലെ രണ്ട് സുഹൃത്തുക്കൾ

തുടക്കം 1971-ലെ യുദ്ധത്തോടെയാണ്. കറാച്ചി ഉൾപ്പെടെയുള്ള പാകിസ്ഥാനിലെ പല സ്ഥലങ്ങളിലും ഇന്ത്യൻ വ്യോമസേന ബോംബാക്രമണം നടത്തി. ഇതിൽ ദാവൂദിന്‍റെ 11 വയസ്സുള്ള കൂട്ടുകാരിൽ ചിലർ കൊല്ലപ്പെട്ടു. ദാവൂദിൻ്റെ മനസ്സിൽ ഇന്ത്യയോട് വിദ്വേഷം വളർന്നു. ദാവൂദിന്‍റെ പിതാവ് സയ്യിദ് ഗിലാനി പാകിസ്ഥാൻ നയതന്ത്രജ്ഞനായിരുന്നു. അമ്മ ആലീസ് റിഡ്ലി അമേരിക്കൻ വംശജയായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ സൈനിക സ്കൂളിൽ ദാവൂദിനെ ചേർത്തു. ഇവിടെ വെച്ചാണ് തഹവ്വുർ ഹുസൈൻ റാണയുമായി ചങ്ങാത്തത്തിലായത്.

ആറ് വർഷങ്ങൾക്ക് ശേഷം, ദാവൂദിന്‍റെ അമ്മ ആലീസ് വിവാഹമോചനം നേടി അമേരിക്കയിലേക്ക് മടങ്ങി. അതിനുശേഷം കുറച്ചുകാലം ദാവൂദും അവരോടൊപ്പം താമസിക്കാൻ പോയി. മറുവശത്ത്, തഹവ്വുർ റാണ ഡോക്ടറായി, പാക് സൈന്യത്തിൽ ചേർന്നു,. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം കാനഡയിലേക്ക് താമസം മാറുകയും അവിടുത്തെ പൗരത്വം നേടുകയും ഒരു ട്രാവൽ കമ്പനി ആരംഭിക്കുകയും ചെയ്തു.

ഹെഡ്ലി മുംബൈയിൽ

അമേരിക്കയിൽ താമസിക്കുമ്പോൾ, ദാവൂദ് മയക്കുമരുന്ന് കടത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. എന്നാൽ പാകിസ്ഥാനി ബന്ധങ്ങൾ അപ്പോഴും അവസാനിച്ചിരുന്നില്ല. ആ സമയത്ത്, ലഷ്‌കർ-ഇ-ത്വയ്ബ ഇന്ത്യയിൽ ഒരു വൻ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു. ലഷ്‌കർ തലവൻ ഹാഫിസ് സയീദ് ദാവൂദിനെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 2002-നും 2004-നും ഇടയിൽ ദാവൂദ് അഞ്ച് തവണ ലഷ്‌കർ ക്യാമ്പുകളിൽ നിന്ന് പരിശീലനം നേടി.

തൻ്റെ ദൗത്യത്തെക്കുറിച്ച് ദാവൂദ് ചോദിച്ചപ്പോൾ, അമേരിക്കയിലേക്ക് തിരിച്ചുപോയി പേര് മാറ്റാൻ ഹാഫിസ് സയീദ് ആവശ്യപ്പെട്ടു. അമ്മയുടെ പേര് ഉപയോഗിച്ച് പേര് ഡേവിഡ് കോൾമാൻ ഹെഡ്ലി എന്നാക്കി മാറ്റി. 'ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസ്' എന്ന പേരിൽ ഷിക്കാഗോയിൽ കമ്പനി നടത്തിയിരുന്ന തഹവ്വുർ റാണ, ഡേവിഡ് കോൾമാൻ ഹെഡ്ലിയെ കണ്ടുമുട്ടി. റാണ തൻ്റെ കമ്പനിയുടെ ഒരു ശാഖ മുംബൈയിൽ തുറന്നു. ഡേവിഡ് ഹെഡ്ലി കമ്പനി ആവശ്യങ്ങൾ പറഞ്ഞ് 2006 സെപ്റ്റംബറിൽ ആദ്യമായി മുംബൈയിൽ വന്നു.

അമ്മ അമേരിക്കക്കാരിയായതിനാൽ ഡേവിഡ് ഹെഡ്ലിയുടെ പേരിലും രൂപത്തിലും പാകിസ്ഥാനിയാണെന്ന് ആർക്കും സംശയം തോന്നില്ല. ഡേവിഡ് മുംബൈയിൽ എത്തി ഓരോ ഇടവഴിയുടെയും കെട്ടിടത്തിൻ്റെയും തുറമുഖത്തിൻ്റെയും വീഡിയോ ചിത്രീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 2006-നും 2009-നും ഇടയിൽ ഹെഡ്ലി ഒമ്പത് തവണ ഇന്ത്യ സന്ദർശിച്ചു. താജ് ഹോട്ടൽ, ലിയോപോൾഡ് കഫേ, ഒബ്‌റോയ് ഹോട്ടൽ, നരിമാൻ ഹൗസ്, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് തുടങ്ങിയ എല്ലാ ലക്ഷ്യസ്ഥാനങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു. ഈ റെക്കോർഡിംഗുകൾ എല്ലാം പാകിസ്ഥാനിലെത്തിച്ച് ലഷ്‌കർ കമാൻഡർമാർക്ക് കൈമാറുമായിരുന്നു. ഇതിലൂടെ, ഭീകരർ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വഴി മനസ്സിലാക്കി. ഇന്ത്യയിൽ ആയിരിക്കുമ്പോൾ, ഹെഡ്ലി പ്രധാനപ്പെട്ട പല വ്യക്തികളുമായും ബന്ധപ്പെടാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിച്ചു.

ചാവേറാക്രമണത്തിനുള്ള റിക്രൂട്ട്‌മെൻ്റ്

അതേസമയം, പാകിസ്ഥാനിൽ തീവ്രവാദികളുടെ റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇവരിൽ ഒരാളായിരുന്നു 26/11 ആക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക തീവ്രവാദി, മുഹമ്മദ് അജ്മൽ അമീർ കസബ്. 1987-ൽ പാകിസ്ഥാനിലെ ഫരീദ്‌കോട്ടിൽ ജനിച്ച കസബ്, പഠനം ഉപേക്ഷിച്ച് 2005-ൽ ലാഹോറിലേക്ക് വന്നു. അവിടെ പിതാവിനോടൊപ്പം ജോലി ചെയ്യുകയായിരുന്നു. കസബ് സുഹൃത്തിനൊപ്പം വിവിധ സ്ഥലങ്ങളിൽ പോയി ലഷ്കർ പ്രസംഗങ്ങൾ കേൾക്കാൻ തുടങ്ങി അതിൽ ആകൃഷ്ടനായി. കസബിന് ലഷ്‌കർ ക്യാമ്പിൻ്റെ വിലാസം എഴുതിയ കത്ത് ഒരാൾ നൽകി. കസബും സുഹൃത്തും അവിടെയെത്തിയപ്പോൾ, പരിശീലനത്തിനായി 30 കുട്ടികൾ ഇതിനകം മുരിദ്‌കെയിൽ എത്തിയിരുന്നു.

പരിശീലനം നാല് ഘട്ടങ്ങളിൽ

2007 ഡിസംബറിൽ കസബ് ലഷ്‌കർ-ഇ-ത്വയ്ബയിൽ ചേർന്നു. ആദ്യ ഘട്ടം മുരിദ്‌കെയിൽ 21 ദിവസം. രണ്ടാം ഘട്ടം ഖൈബർ പഖ്തൂൺഖ്‌വയിലെ മാർക്കസ് അഖ്‌സ ക്യാമ്പിൽ 21 ദിവസം. ഈ ഘട്ടത്തിൽ, റൈഫിളുകൾ പോലുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പഠിച്ചു. മുസഫറാബാദിലെ മൂന്നാം ഘട്ടത്തിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ 60 മണിക്കൂർ വരെ മലകയറാൻ പരിശീലനം നേടി. ഗ്രനേഡുകൾ, റോക്കറ്റ് ലോഞ്ചറുകൾ, എകെ-47 റൈഫിളുകൾ, ജിപിഎസ് സിസ്റ്റം, മാപ്പുകൾ എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു. പരിശീലനത്തിന് ശേഷം, കസബിന് 1,500 രൂപയും ഒരു പുതിയ ഷൂവും നൽകി. പരിശീലനം കഴിഞ്ഞ ഉടൻ തന്നെ ചാവേറാക്രമണ പദ്ധതിയെക്കുറിച്ച് അറിയിച്ചു. ഈ പരിശീലനങ്ങൾക്ക് ശേഷം, 2008 സെപ്റ്റംബറിൽ, കടൽ വഴിയുള്ള പരിശീലനത്തിനായി കറാച്ചിയിലേക്ക് കൊണ്ടുവന്നു. അവർക്ക് ബോട്ടിൽ യാത്ര ചെയ്യാനും മീൻ പിടിക്കാനും നാവിഗേഷൻ ചെയ്യാനും പരിശീലനം നൽകി.

എന്തുകൊണ്ടാണ് നവംബർ 26 എന്ന തീയതി തിരഞ്ഞെടുത്തത്?

സെപ്റ്റംബർ 13-ന്, ലക്ഷ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ, തീവ്രവാദ കമാൻഡർമാർ പറഞ്ഞത് ഇന്ത്യയുടെ സാമ്പത്തിക ശക്തി മുംബൈയിലാണ്, അതിനാൽ മുംബൈയിൽ ആക്രമണം നടത്തണം എന്നാണ്. ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചും മനസ്സിലാക്കാൻ, ഡേവിഡ് ഹെഡ്ലി മുംബൈയിൽ നിന്ന് അയച്ച വീഡിയോകൾ എല്ലാവരെയും ആവർത്തിച്ച് കാണിച്ചു. സെപ്തംബർ 17ന് ഇന്ത്യയിലേക്ക് പുറപ്പെടാനായിരുന്നു പദ്ധതി. എന്നാൽ അതിനിടെ ദില്ലിയിൽ സ്ഫോടനമുണ്ടായതോടെ മുംബൈയിലും സുരക്ഷ ശക്തമാക്കിയതിനാൽ തീരുമാനം മാറ്റി.

തീവ്രവാദികളുടെ മുംബൈ പ്രവേശനം

ഇസ്മായിൽ ആയിരുന്നു മുഴുവൻ സംഘത്തിൻ്റെയും നേതാവ്. അഞ്ച് ഗ്രൂപ്പുകൾക്കും ഭക്ഷ്യവസ്തുക്കൾ, 10,800 ഇന്ത്യൻ രൂപ, മൊബൈൽ ഫോണുകൾ എന്നിവ നൽകിയിരുന്നു. ബോട്ടിൽ കയറി മുംബൈയിലേക്ക് യാത്രയായി. രാത്രി ഏകദേശം 9 മണിയോടെ, ബോട്ട് മുംബൈ തീരത്തിനടുത്തുള്ള മത്സ്യത്തൊഴിലാളികളുടെ പ്രദേശത്ത് എത്തി. നാല് സംഘം തീവ്രവാദികൾ ഇറങ്ങി അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങി. രണ്ട് പേർ ബോട്ട് തിരിച്ച് ഒബ്‌റോയ് ഹോട്ടലിലേക്ക് നീങ്ങി.

ആ 60 മണിക്കൂർ ഭീകരത

ലക്ഷ്യം-1: ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ

രാത്രി 9:30-ന്, കസബും കൂട്ടാളിയായ ഇസ്മായിലും സി.എസ്.എം.ടിയിൽ പ്രവേശിച്ചു. പ്ലാറ്റ്‌ഫോം നമ്പർ 13-ൽ അവർ എകെ-47 ഉപയോഗിച്ച് വെടിയുതിർത്തു. ഏകദേശം 58 പേർ അവിടെ കൊല്ലപ്പെട്ടു, 104 പേർക്ക് പരിക്കേറ്റു.

ലക്ഷ്യം-2: ലിയോപോൾഡ് കഫേ

രണ്ടാം സംഘം ബാബറും നാസറും ലിയോപോൾഡ് കഫേയിൽ പ്രവേശിച്ചു. രണ്ട് ഗ്രനേഡുകൾ എറിയുകയും വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ലക്ഷ്യം-3: നരിമാൻ ഹൗസ്

മൂന്നാമത്തെ ജോഡിയായ അഷ്ഫാഖും അബു സുഹൈലും നരിമാൻ ഹൗസ് ലക്ഷ്യമാക്കി നീങ്ങി. ഇവർ അകത്ത് കയറുകയും പലരെയും ബന്ദികളാക്കുകയും ചെയ്തു.

ലക്ഷ്യം-4: താജ് ഹോട്ടൽ

നാലാം സംഘം അബ്ദുൾ റഹ്മാനും ജാവേദും അഞ്ചാം നിലയിലെത്തി വെടിവയ്പ്പ് നടത്തി. ഐഎൻജി വൈശ്യ ബാങ്ക് ചെയർമാൻ ഉൾപ്പെടെയുള്ലവരെ ബന്ദികളാക്കി. അപ്പോഴേക്കും എൻഎസ്ജി പ്രത്യാക്രമണം നടത്തി.

ലക്ഷ്യം-5: ഒബ്റോയ് ഹോട്ടൽ

ബാക്കിയുള്ള രണ്ടു പേർ ഫഹദുള്ളയും അബ്ദുൽ റഹ്മാനുമാണ് ഒബ്റോയ് ഹോട്ടലിൽ എത്തിയത്. അവിടെ രണ്ട് ജീവനക്കാരൊഴികെ എല്ലാവരെയും മാറ്റിയിരുന്നു. എകെ 47 ഉപയോഗിച്ച് ഭീകരർ വെടിയുതിർക്കാൻ തുടങ്ങി. ഈ ഭീകരരെ നവംബർ 28ന് എൻഎസ്ജി കൊലപ്പെടുത്തി. അപ്പോഴേക്കും അവർ 35 ജീവനുകൾ എടുത്തിരുന്നു.

കസബിനെ എങ്ങനെയാണ് ജീവനോടെ പിടികൂടിയത്

സിഎസ്‌ടിയിലെ കൂട്ടക്കൊലയ്ക്ക് ശേഷം, കസബും ഇസ്മായിലും പുറത്തുവന്നപ്പോൾ, അടുത്ത ലക്ഷ്യമായ മലബാർ ഹിൽസിലേക്ക് പോകാൻ അവർക്ക് ടാക്സി ലഭിച്ചില്ല. പോലീസ് വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ഇരു തീവ്രവാദികളും കാമ ഹോസ്പിറ്റൽ വളപ്പിലേക്ക് പ്രവേശിച്ചു. തുടർന്ന്, പോലീസ് വാഹനം കണ്ടപ്പോൾ, അവർ അതിലേക്ക് തുടരെ വെടിയുതിർത്തു. അവർ മുൻസീറ്റിൽ നിന്ന് മൃതദേഹങ്ങൾ വലിച്ചുപുറത്തിട്ട് വാഹനവുമായി മുന്നോട്ട് പോയി. വഴിയിൽ ആ വാഹനം പഞ്ചറായതിനാൽ, തോക്കിൻമുനയിൽ അവർ മറ്റൊരു കാർ ഹൈജാക്ക് ചെയ്തു. പരിക്കേറ്റ അരുൺ ജാദവ് എന്ന കോൺസ്റ്റബിൾ തീവ്രവാദികൾ അവിടെയുണ്ടെന്ന് പോലീസിനെ അറിയിച്ചു. പോലീസ് ചെക്ക്‌പോസ്റ്റ് കണ്ടപ്പോൾ, ഇസ്മായിൽ വാഹനവുമായി ഡിവൈഡറിന് കുറുകെ ഓടിക്കാൻ ശ്രമിച്ചെങ്കിലും വാഹനം കുടുങ്ങിപ്പോയി. തുടർന്നുണ്ടായ വെടിവെപ്പിൽ ഇസ്മായിൽ കൊല്ലപ്പെട്ടു, എന്നാൽ കസബിനെ ജീവനോടെ പിടികൂടി.

മുംബൈ ആക്രമണത്തിൽ ഇന്ത്യയ്ക്ക് വീഴ്ച സംഭവിച്ചോ?

ഒന്ന്: ഇന്റലിജൻസ് വിവരങ്ങൾ

ഡേവിഡ് ഹെഡ്ലി ഒരു ആക്രമണം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് കുറച്ച് മാസങ്ങൾക്ക് മുമ്പ് അമേരിക്കൻ സുരക്ഷാ ഏജൻസികൾ ഇന്ത്യയെ അറിയിച്ചിരുന്നു.

രണ്ട്: ആക്രമണത്തിന് മുമ്പ് തീരദേശ പട്രോളിംഗ് നിർത്തി

1993-ലെ മുംബൈ സ്ഫോടനത്തിന് ശേഷം, ഓപ്പറേഷൻ സ്വാൻ എന്ന പേരിൽ തീരദേശ നിരീക്ഷണത്തിനായി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. 2005-ൽ കേന്ദ്രസർക്കാർ ഇതിനുള്ള സാമ്പത്തിക സഹായം നിർത്തി.

മൂന്ന്: ഹോട്ടലുകൾ മുന്നറിയിപ്പുകൾ അവഗണിച്ചു

2008-ൽ മുംബൈ നഗരത്തിന് നിരവധി ഇന്റലിജൻസ് മുന്നറിയിപ്പുകൾ ലഭിച്ചു. ഹോട്ടലുകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും അവരെ അറിയിച്ചിരുന്നു.

നാല്: യഥാസമയം സംഭവസ്ഥലത്ത് എത്താൻ സംവിധാനമില്ല

പ്രതിരോധ വിദഗ്ദ്ധനും ഓപ്പറേഷൻ ബ്രഹ്‌മയുടെ കമാൻഡറുമായ പുഷൻ ദാസ് പറയുന്നത് എൻഎസ്ജി കമാൻഡോകൾ ഡൽഹിയിലാണ് ഉണ്ടായിരുന്നതെന്നും, മുംബൈയിലേക്ക് അവരെ എത്തിക്കാൻ എമർജൻസി എയർ ലിഫ്റ്റ് സംവിധാനം ഉണ്ടായിരുന്നില്ല എന്നുമാണ്. 10 മണിക്കൂറിലധികം സമയമെടുത്താണ് എൻഎസ്ജിക്ക് സംഭവസ്ഥലത്ത് എത്താൻ കഴിഞ്ഞത്.”

കസബിനെ തൂക്കിലേറ്റി, തഹവ്വുറിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു

26/11 ആക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക തീവ്രവാദി അജ്മൽ കസബിനെ ചോദ്യം ചെയ്തപ്പോൾ, ആക്രമണം ആസൂത്രണം ചെയ്തത് 2012 നവംബർ 21-ന് പാകിസ്ഥാനിൽ വെച്ചാണെന്ന് വ്യക്തമായി. തുടർന്ന് കസബിനെ തൂക്കിലേറ്റി. 2009-ൽ യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) തഹവ്വുർ റാണയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, മുംബൈ ആക്രമണത്തിലെ പങ്ക് സ്ഥിരീകരിച്ചു. അമേരിക്ക ഇയാളെ ഇന്ത്യയ്ക്ക് കൈമാറി, ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ്. 2009-ൽ ഡേവിഡ് ഹെഡ്ലിയും അമേരിക്കയിൽ അറസ്റ്റിലായി. തീവ്രവാദ ഗൂഢാലോചനയിൽ പങ്കെടുത്തതിന് യുഎസ് കോടതി 35 വർഷം തടവ് ശിക്ഷ വിധിച്ചു. ഹെഡ്ലിയെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നീക്കത്തിലൂടെ, 26/11 തീവ്രവാദികൾക്ക് പരിശീലനം ലഭിച്ച മുരിദ്‌കെ, മുസഫറാബാദ് എന്നിവിടങ്ങളിലെ ലഷ്‌കർ ക്യാമ്പുകൾ ഉൾപ്പെടെ പാക് അധിനിവേശ കശ്മീരിലെ ഒമ്പത് സ്ഥലങ്ങൾ ഇന്ത്യ തകർത്തു.