Asianet News MalayalamAsianet News Malayalam

കരുതല്‍ ഡോസിനോട് മുഖം തിരിച്ച് സംസ്ഥാനങ്ങൾ; പണം പ്രശ്നമാകുന്നോ? അപകടമാകുമെന്ന് വിദഗ്ധർ

വാക്സിന്‍റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം

what happens booster dose in india, special story
Author
New Delhi, First Published Jul 12, 2022, 7:19 PM IST

പ്രായപൂർത്തിയായ മുഴുവൻ പേർക്കും കൊവിഡ് വാക്സിന്‍റെ കരുതൽ ഡോസ് നൽകി തുടങ്ങിയത് ഏപ്രിൽ മാസത്തിലാണ്. പതിനെട്ടിനും അമ്പത്തിയൊമ്പതിനുമിടയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ചാണ് കരുതൽ ഡോസ് വിതരണം. വാക്സിന്‍റെ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാം. കൃത്യം മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വാക്സിൻ കണക്ക് പരിശോധിച്ചാൽ ജനങ്ങൾക്കിടയിൽ കരുതൽ ഡോസിനോടുള്ള വിമുഖത വ്യക്തമാണ്.

ലക്ഷദ്വീപിൽ പതിനെട്ടിനും പത്തൊമ്പതിനുമിടയിലുള്ള ആരും കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കരുതൽ ഡോസ് വിതരണം അവതാളത്തിലാണ്. മണിപ്പൂരിൽ - 12 പേർ അരുണാചൽ പ്രദേശിൽ 106 , മേഘാലയ 591 മിസോറാം 447, നാഗാലാൻഡ് 639 സിക്കിം 988 ത്രിപുര 308 തുടങ്ങി എല്ലായിടത്തും ആയിരത്തിൽ താഴെയാണ് കണക്ക്. ഹിമാചൽ പ്രദേശ് , ജമ്മു കശ്മീർ, ചണ്ഡിഗഡ്, പുതുച്ചേരി എന്നിവിടങ്ങളിൽ പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് കരുതൽ ഡോസ് സ്വീകരിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ആദ്യ രണ്ട് ഡോസ് വിതരണം നടന്നത് കൊവിഡ് ഭീതി ഏറ്റവും ഉയർന്നു നിന്ന സമയത്താണ്. വൈറസിനെ കുറിച്ചുള്ള ആശങ്കയും ഭീതിയുമാണ് അന്ന് പലരേയും വാക്സീൻ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ബഹുഭൂരിഭാഗം പേർക്കും സ്വയമോ, അടുത്ത ബന്ധുക്കൾക്കോ കൊവിഡ് ബാധിച്ച അനുഭവമുണ്ട്. ഭയം കുറഞ്ഞതാകാം ഇപ്പോൾ ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നതെന്ന് കൊവിഡ് ദൗത്യസംഘാംഗം സുനീല ഗാർഗ് അഭിപ്രായപ്പെടുന്നു.

ശുഭവാർത്ത; ക്യാൻസറിനുള്ള മരുന്ന് കൊവിഡ് 19 മരണത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം

എന്നാൽ കൊവിഡിനോടുള്ള ഭയം മാറിയത് മാത്രമല്ല ഈ വിമുഖതയ്ക്ക് കാരണം എന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഈ വർഷമാദ്യം മുതൽ മുതിർന്ന പൗരന്മാരും, മുന്നണി പോരാളികളും ഉൾപ്പെടുന്ന മുൻഗണന വിഭാഗത്തിന് സൗജന്യമായാണ് മൂന്നാം ഡോസ് നൽകുന്നത്. ആന്ധ്രപ്രദേശിലാണ് മുൻഗണനാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ കരുതൽ ഡോസെടുത്തത്. പക്ഷെ അതേസ്ഥലത്ത് 18 നും 59 നും ഇടയിലുള്ള ഇരുപത്തിരണ്ടായിരം പേർ മാത്രമേ കരുതൽ ഡോസെടുത്തുള്ളു. കരുതൽ ഡോസ് എല്ലാവർക്കും സൗജന്യമായി നൽകുന്ന ദില്ലിയിലും ബിഹാറിലും ഒഴികെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഇതേ അനുപാതമാണ്. അതായത് സൗജന്യമാണെങ്കിൽ വാക്സിനെടുക്കാൻ ആളുണ്ടെന്നർത്ഥം. പണമടച്ചുള്ള വാക്സിനേഷനോടുള്ള വിമുഖത വ്യക്തമാണ്. ഇക്കാര്യത്തിൽ കേന്ദ്രം പുനരാലോചന നടത്തണമെന്ന് പല സംസ്ഥാനങ്ങളും തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം നടത്താമെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് കേന്ദ്രം ചെയ്തത്.

അതേസമയം തുടർച്ചയായി പ്രതിദിന കൊവിഡ് കണക്ക് പതിനെട്ടായിരത്തിന് മുകളിലെത്തുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സീൻറെ കരുതൽ ഡോസ് ഒഴിവാക്കുന്നത് അപകടകരമാണെന്ന് ഡോ. സുനീല ഗാർഗ് ഉൾപ്പടെയുള്ള വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബി എ 2.75 ഉൾപ്പടെയുള്ള വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മാസ്കും, വാക്സിനേഷനും ഉൾപ്പടെയുള്ള മുൻകരുതലുകൾ ശക്തമാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പ്രതിസന്ധി പ്രതിഫലം മാത്രമോ? നഷ്‍ടത്തില്‍ നിന്ന് കരകയറാന്‍ വഴിതേടി മലയാള സിനിമ

Follow Us:
Download App:
  • android
  • ios