Asianet News MalayalamAsianet News Malayalam

എന്താണ് ദില്ലി മദ്യനയക്കേസ്? ആംആദ്മി പേടിക്കണോ, സിസോദിയ പെടുമോ; ഉള്‍കളികള്‍ ഇങ്ങനെ.!

ജൂലൈ 30ന് പുതിയ മദ്യനയം ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് പറഞ്ഞത്. ഇതോടെ പ്രതിപക്ഷം അടക്കം പ്രതിഷേധം ശക്തമാക്കി. സിബിഐയും പിടിമുറുക്കി. 

What is Delhi Excise Policy 'Scam' Case Delhi Excise Policy 2021 Explined
Author
New Delhi, First Published Aug 21, 2022, 1:37 PM IST

ദില്ലി: മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരിക്കുകയാണ് സിബിഐ. എന്നാല്‍, സിബിഐ നടപടിയെ മനീഷ് സിസോദിയ പരിഹസിച്ചു. റെയ്ഡിൽ ഒരു രൂപ പോലും കണ്ടെത്തിയില്ല. പിന്നാലെ തന്നെ കാണാനില്ലെന്ന് ലുക് ഔട്ട് നോട്ടീസും ഇറക്കുന്നു. ഇതെന്ത് ഗിമ്മിക്ക് ആണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഞാൻ ദില്ലിയിൽ ഉണ്ടെന്നും എവിടെയാണ് വരേണ്ടതെന്ന് മനീഷ് സിസോദിയ പറയുന്നു.

ശരിക്കും എന്താണ് ആംആദ്മി പാര്‍ട്ടിയുടെ ദില്ലി ഭരണത്തിന് കുരുക്കാകുന്ന പുതിയ മദ്യനയ കേസ്.സിബിഐ പറയുന്നത് എന്ത്,ആംആദ്മി പറയുന്നത് എന്ത്. 

എന്താണ്  ദില്ലി മദ്യനയക്കേസ്?

ദില്ലി സംസ്ഥാനത്തെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍  വഴിയൊരുക്കിയതായിരുന്നു ദില്ലി എക്സൈസ് നയം 2021-22. എന്നാല്‍ ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടന്നുവെന്നാരോപിച്ചാണ് സിബിഐ ഫയല്‍ ചെയ്തിരിക്കുന്ന ഇപ്പോഴത്തെ അഴിമതി കേസ്. ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉയരുന്നത്. ഈ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ പൊതുപ്രവര്‍ത്തകര്‍ അടക്കം അനധികൃത ആനുകൂല്യങ്ങള്‍ കൈപറ്റിയെന്നാണ് സിബിഐ പറയുന്നത്.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്. കേന്ദ്ര ഏജൻസി പറയുന്നതനുസരിച്ച്, സിസോദിയയും മറ്റ് ആരോപണവിധേയരായവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തത് നിയമപരമായ നിലനില്‍പ്പ് ഇല്ലാതെയാണ്.

What is Delhi Excise Policy 'Scam' Case Delhi Excise Policy 2021 Explined

എന്റർടൈൻമെന്റ് ആൻഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഒൺലി മച്ച് ലൗഡറിന്റെ മുൻ സിഇഒ വിജയ് നായർ, പെർനോഡ് റിക്കാർഡിലെ മുൻ ജീവനക്കാരൻ മനോജ് റായ്, ബ്രിൻഡ്‌കോ സ്പിരിറ്റ്‌സിന്റെ ഉടമ അമൻദീപ് ധാൽ, ഇൻഡോസ്പിരിറ്റ്‌സ് ഉടമ സമീർ മഹേന്ദ്രു എന്നിവർ നയ രൂപീകരണത്തില്‍ ഇടപെട്ടുവെന്നാണ് സിബിഐ ആരോപണം. കഴിഞ്ഞ വർഷം നവംബറിൽ കൊണ്ടുവന്ന എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകൾ ഉണ്ടായെന്നും സിബിഐ ആരോപിക്കുന്നു.

ബഡ്ഡി റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ അമിത് അറോറ. ഗുഡ്ഗാവിൽ ലിമിറ്റഡ്, ദിനേശ് അറോറയും അർജുൻ പാണ്ഡെയും സിസോദിയയുടെ "അടുത്ത കൂട്ടാളികൾ" ആണെന്നും മദ്യ ലൈസൻസുകള്‍ക്കായി നല്‍കപ്പെട്ട വലിയതോതിലുള്ള അനധികൃത പണം കൈകാര്യം ചെയ്യുന്നതില്‍ അവർ സജീവമായി ഏർപ്പെട്ടിരുന്നു. ദിനേശ് അറോറ കൈകാര്യം ചെയ്യുന്ന രാധ ഇൻഡസ്ട്രീസ് ഇൻഡോസ്പിരിറ്റ്‌സിന്റെ സമീർ മഹേന്ദ്രുവിൽ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയെന്നാണ് സിബിഐയുടെ ആരോപണം.

"വിജയ് നായർ മുഖേന ആരോപണവിധേയര്‍ക്ക് കൈമാറുന്നതിനായി അരുൺ രാമചന്ദ്ര പിള്ള സമീർ മഹേന്ദ്രുവിൽ നിന്ന് പണം കൈപറ്റിയെന്നും ആരോപണം ഉന്നയിക്കുന്നു. അർജുൻ പാണ്ഡെ എന്ന വ്യക്തി ഒരിക്കൽ സമീറിൽ മഹേന്ദ്രു നിന്ന് വിജയ് നായർക്ക് വേണ്ടി  ഏകദേശം 2-4 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്." സിബിഐ എഫ്‌ഐആറിൽ അവകാശപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ പറയുന്നു.

സിബിഐ പറയുന്നതനുസരിച്ച്, സണ്ണി മർവയുടെ മഹാദേവ് ലിക്വർസിന് പോളിസി പ്രകാരം എൽ-1 ലൈസൻസ് ലഭിച്ചു. മരിച്ച മദ്യവ്യവസായി പോണ്ടി ഛദ്ദയുടെ സ്ഥാപനങ്ങളുടെ ബോർഡിൽ അംഗമായിരുന്ന മർവ, മദ്യനയം രൂപീകരിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ അവർക്ക് പതിവായി കൈക്കൂലി നൽകിയതായി ആരോപിക്കുന്നു.

സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന സിബിഐ നടത്തി.ദില്ലിക്ക് പുറമേ പുറമെ ഗുരുഗ്രാം, ചണ്ഡീഗഡ്, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ, ബംഗളൂരു എന്നിവിടങ്ങളിലും നടത്തിയ തിരച്ചിലിൽ രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങള്‍ മുതലായവ കണ്ടെടുത്തതായി സിബിഐ വക്താവ് ഏജന്‍സിയോട് പറഞ്ഞത്.

ദില്ലി എക്സൈസ് നയം 2021

ദില്ലി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-22 എക്സൈസ് നയം ഉണ്ടാക്കിയത്. 9,500 കോടി രൂപയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് റീട്ടെയിൽ മദ്യമേഖലയിലെ പുതിയ പരിഷ്‌കാരമെന്നാണ് ഇതിനെ ദില്ലിയിലെ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടി വിശേഷിപ്പിച്ചത്.

പുതിയ എക്സൈസ് നയത്തിന് കീഴിൽ, ചില്ലറ മദ്യവിൽപ്പന മേഖലയിൽ നിന്ന് ദില്ലി സര്‍ക്കാര്‍ പിന്‍മാറുകയും. ഇത് സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയുമാണ് ഉണ്ടായത്. ആദ്യമായി സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ മദ്യശാലകളും പൂട്ടുകയും. ചില്ല മദ്യവില്‍പ്പന  പൂർണ്ണമായും സ്വകാര്യ കമ്പനികൾക്ക് കൈമാറുമെന്നുമാണ് കഴിഞ്ഞ നവംബറില്‍ ദില്ലി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

What is Delhi Excise Policy 'Scam' Case Delhi Excise Policy 2021 Explined

2021 ഫെബ്രുവരി 5-ന് രൂപീകരിച്ച ദില്ലി സര്‍ക്കാറിന്‍റെ മന്ത്രിതല സംഘം ഈ നയം പരിശോധിച്ചു. അതിന്‍റെ കരട് ഈ മന്ത്രിതല സംഘം അംഗീകരിച്ചു, 2021 മാർച്ച് 22-ന് ദില്ലി മന്ത്രി സഭ ഇത് അംഗീകരിച്ചു. നയത്തിന്റെ അന്തിമ കരട് കഴിഞ്ഞ വർഷം മെയ് 24 ന് ഡൽഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനിൽ ബൈജാലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും (ഡിഡിഎ) ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും (എംസിഡി) അനുമതിക്ക് ശേഷം മാത്രമേ പ്രദേശങ്ങളിലെ മദ്യശാലകൾ തുറക്കാൻ കഴിയൂ എന്ന വ്യവസ്ഥയോടെ 2021 നവംബർ 15-ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇത് അംഗീകരിച്ചു.

"പുതിയ എക്‌സൈസ് നയം പ്രകാരം, ഡൽഹിയിലുടനീളം അനധികൃത പ്രദേശങ്ങളിൽ ഉൾപ്പെടെ 849 കടകൾ തുറക്കേണ്ടതായിരുന്നു.  ഈ നിർദ്ദേശത്തെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ എതിർക്കാതെ അംഗീകരിച്ചു," സിസോദിയയെ ഉദ്ധരിച്ച് അന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

എന്നിരുന്നാലും, സിസോദിയയുടെ അഭിപ്രായത്തിൽ, ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തന്റെ നിലപാട് മാറ്റി, അനധികൃത സ്ഥലങ്ങളിൽ മദ്യശാലകൾ തുറക്കുന്നതിന് ഡിഡിഎയുടെയും എംസിഡിയുടെയും അനുമതി ആവശ്യമാണെന്ന് വ്യവസ്ഥ അവതരിപ്പിച്ചു. "എൽജിയുടെ ഈ നിലപാട് മാറ്റത്തിന്റെ ഫലമായി, അനധികൃത സ്ഥലങ്ങളിൽ കടകൾ തുറക്കാൻ കഴിഞ്ഞില്ല, ഇത് സർക്കാരിന് ആയിരക്കണക്കിന് കോടിയുടെ വരുമാന നഷ്ടമുണ്ടാക്കുന്നു, മറുവശത്ത്, തുറന്ന കടകളിൽ വൻ വരുമാനം ലഭിച്ചു" അദ്ദേഹം അന്ന് കൂട്ടിച്ചേർത്തു.


ബിജെപിയും കോൺഗ്രസും നയത്തെ എതിർക്കുകയും പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍മാസത്തോടെ  പുതിയ മദ്യനയം ലൈസന്‍സികള്‍ക്കു വന്‍ ലാഭമുണ്ടാക്കുന്നതും  ഖജനാവിനു വലിയ നഷ്ടം  വരുത്തിവച്ചുവെന്ന രീതിയില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍  പുറത്തുവന്നു.പിന്നാലെ ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയുടെ ഓഫീസിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി അയച്ച പരാമർശത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ പരിശോധന ആരംഭിച്ചു. ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതേ സമയം ജൂലൈ 30ന് പുതിയ മദ്യനയം ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് പറഞ്ഞത്. ഇതോടെ പ്രതിപക്ഷം അടക്കം പ്രതിഷേധം ശക്തമാക്കി. സിബിഐയും പിടിമുറുക്കി. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. 

വലവിരിച്ച് കേന്ദ്ര ഏജന്‍സികൾ, മദ്യനയത്തിൽ കുരുങ്ങി ആംആദ്മി, സിസോദിയ അകത്താകുമോ ?

'സിസോദിയ രാജ്യം വിടരുത്'; ദില്ലി മദ്യനയ കേസില്‍ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി സിബിഐ

Follow Us:
Download App:
  • android
  • ios