കൊവിഡ് പ്രതിരോധത്തിന് നൂതന സാങ്കേതിക വിദ്യകള്‍ കാര്യക്ഷമമായി ഉപയോഗിച്ചു എന്നതാണ് ചൂണ്ടിക്കാട്ടിയ പ്രധാന വസ്തുത. 

ബെംഗളുരു: കഴിഞ്ഞ ദിവസം നടന്ന സര്‍വകകക്ഷി യോഗത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കര്‍ണാടക മാതൃകയെ കേന്ദ്രസര്‍ക്കാര്‍ പ്രശംസിച്ചത് എന്തുകൊണ്ടാണ് ? ബിജെപി ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ടുമാത്രമാണോ പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളും കര്‍ണടാകത്തെ മാതൃകയാക്കണമെന്ന് പറഞ്ഞത് ? ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌പ്ലെയിനര്‍.

രാജ്യത്തെ ജനസാന്ദ്രത ഏറ്റവും കൂടിയ നഗരങ്ങളെല്ലാം കൊവിഡിനെ പ്രതിരോധിക്കാന്‍ പെടാപാട് പെടുകയാണ്. ഇതിനിടയില്‍ ബംഗളൂരു നഗരത്തിലടക്കം കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞ കര്‍ണാടക മാതൃക എന്താണ് ?

കൊവിഡ് പ്രതിരോധത്തിന് നൂതന സാങ്കേതിക വിദ്യകള്‍ കാര്യക്ഷമമായി ഉപയോഗിച്ചു എന്നതാണ് ചൂണ്ടിക്കാട്ടിയ പ്രധാന വസ്തുത. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സേവാസിന്ധു പോര്‍ട്ടലും, ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാന്‍ ആത്മമിത്ര ആപ്പുമാണ് കര്‍ണാടകം ഒരുക്കിയത്. ഇത് ക്രിയാത്മകമായി ഉപയോഗിക്കുന്നു. മനുഷ്യസാധ്യമല്ലാത്ത ജോലികള്‍പോലും ഇത്തരം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംസ്ഥാനം കാര്യക്ഷമമായി നടപ്പാക്കിയെന്നും കേന്ദ്രം പറയുന്നു.

ഇതുകൂടാതെ രോഗിയെ ഫോണ്‍നന്പറിലൂടെ കൃത്യമായി ട്രാക്ക് ചെയ്യുന്നു. ക്വാറന്റൈന്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മൊബൈല്‍ സ്‌ക്വാഡുകള്‍. വീടുവീടാന്തരം കയറിയിറങ്ങി നിരീക്ഷിക്കാന്‍ ആശവര്‍ക്കര്‍മാര്‍. ഈ സംവിധാനങ്ങളെല്ലാം രോഗപടര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍തന്നെ സംസ്ഥാനം നടപ്പാക്കിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

കര്‍ണാടകത്തിലെ രോഗികളുടെ കണക്കെടുത്താല്‍ 8697 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. ബംഗളൂരുവില്‍ രോഗം ബാധിച്ചത് 1076പേര്‍ക്ക്. കൊവിഡ് പിടിമുറുക്കിയ ഡെല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളുമായി ഒത്തുനോക്കുന്‌പോള്‍ ഇത് തീരെ കുറവാണ്. സന്പര്‍ക്കം വഴി രോഗം പകര്‍ന്നവരുടെയും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും കര്‍ണാടകത്തില്‍ തീരെ കുറവാണ്.

അയല്‍ സംസ്ഥാനങ്ങളായ ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഈ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്‌പോള്‍ കര്‍ണാടകത്തില്‍ രോഗവ്യാപനം കുറവാണ് എന്നുതന്നെ പറയാം.

1.5% മാണ് ബംഗളൂരുവിലെ മരണനിരക്ക്. അഹമ്മദാബാദില്‍ ഇത് 6.18 % ആണെന്നോര്‍ക്കണം. മുംബൈയില്‍ 4.74% ഉം ഡല്‍ഹിയില്‍ 3.83% മാണ് മരണനിരക്ക്. രോഗം ബാധിച്ചവരില്‍ 62 ശതമാനംപേരും ഇതിനോടകം രോഗമുക്തരായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതൊക്കെയാണ് കൊവിഡ് പ്രതിരോധത്തിലെ കര്‍ണാടക മാതൃക.