സീനിയർ സിറ്റിസൺ ക്വാട്ടയിൽ ടിക്കറ്റ് എടുത്തിട്ടും ലോവർ ബർത്ത് ലഭിക്കാത്തതിൻ്റെ കാരണം ഒരു ടിടിഇ വിശദീകരിക്കുന്നു. ഒരു ടിക്കറ്റിൽ പരമാവധി രണ്ട് യാത്രക്കാർ ബുക്ക് ചെയ്യുമ്പോൾ മാത്രമാണ് ലോവർ ബർത്തിന് മുൻഗണന ലഭിക്കുക
ദില്ലി: യാത്രയ്ക്കിടെ സീനിയർ സിറ്റിസൺ ക്വാട്ടയിൽ ടിക്കറ്റ് എടുത്തിട്ടും ലോവർ ബർത്ത് ലഭിക്കാത്തതിൻ്റെ കാരണം വിശദീകരിച്ച് ഒരു ഇന്ത്യൻ റെയിൽവേയിലെ ഒരു ടിടിഇ പങ്കുവെച്ച വീഡിയോ ഓൺലൈനിൽ ശ്രദ്ധേയമായി. ദിബ്രുഗഡ് രാജധാനി എക്സ്പ്രസ്സിൽ വെച്ച് ചിത്രീകരിച്ച ഈ വീഡിയോ,സീനിയർ സിറ്റിസൺ ക്വാട്ടയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ യാത്രക്കാർക്ക് ഏറെ സഹായകമാകും.
ലോവർ ബർത്ത് ലഭിക്കാനുള്ള പ്രധാന നിബന്ധന
ട്രെയിൻ നമ്പർ 2424 ദിബ്രുഗഡ് രാജധാനിയിലെ നാല് മുതിർന്ന പൗരന്മാർക്ക് ലോവർ ബർത്ത് ലഭിക്കാതെ മധ്യ ബെർത്തുകളും അപ്പർ ബെർത്തുകളും ലഭിച്ചതിനെ തുടർന്നുണ്ടായ സംശയങ്ങൾക്കാണ് ടിടിഇ. വീഡിയോയിലൂടെ മറുപടി നൽകിയത്. ഒരു ടിക്കറ്റിൽ രണ്ട് യാത്രക്കാർ മാത്രം ബുക്ക് ചെയ്യുകയാണെങ്കിൽ മാത്രമേ സീനിയർ സിറ്റിസൺ ക്വാട്ടാ ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭിക്കുകയും ലോവർ ബർത്ത് ലഭിക്കാൻ മുൻഗണന ലഭിക്കുകയും ചെയ്യൂ. രണ്ടിലധികം പേർ ഒരേ ടിക്കറ്റിൽ ബുക്ക് ചെയ്താൽ ക്വാട്ടാ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും ടിടിഇ വിശദീകരിച്ചു.
റെയിൽവേയുടെ ബർത്ത് വിതരണ രീതി
ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) ലോവർ ബർത്ത് നൽകുന്നതിൽ പ്രത്യേക മാനദണ്ഡങ്ങളാണ് പാലിക്കുന്നത്. ഒറ്റയ്ക്കോ അല്ലെങ്കിൽ ഒരു മുതിർന്ന പൗരനൊപ്പമോ യാത്ര ചെയ്യുമ്പോൾ മാത്രമാണ് മുതിർന്ന പൗരന്മാർക്ക് സിസ്റ്റം ലോവർ ബർത്ത് മുൻഗണന നൽകുന്നത്. രണ്ടിൽ കൂടുതൽ മുതിർന്ന പൗരന്മാരോ, അല്ലെങ്കിൽ മുതിർന്ന പൗരനും അല്ലാത്തവരും ഒരേ പിഎൻആറിൽ (PNR) ബുക്ക് ചെയ്താൽ, ബുക്കിംഗ് ജനറൽ ക്വാട്ട ആയി കണക്കാക്കപ്പെടും. ഇത് പ്രായപരിധിയുണ്ടെങ്കിലും ലോവർ ബർത്ത് ലഭിക്കാനുള്ള സാധ്യത കുറയ്ക്കും. പുരുഷന്മാർക്ക് 60 വയസ്സിന് മുകളിലുള്ളവർക്കും സ്ത്രീകൾക്ക് 45 വയസ്സിന് മുകളിലുള്ളവർക്കും ആണ് ലോവർ ബർത്ത്/സീനിയർ സിറ്റിസൺ ക്വാട്ട സീറ്റുകൾ അനുവദിക്കുന്നത്.
ഓരോ കോച്ചിലെയും ക്വാട്ട
മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ട്. ലഭ്യത അനുസരിച്ച്, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും ലോവർ ബർത്ത് ഓട്ടോമാറ്റിക്കായി അനുവദിക്കും. ഓരോ ട്രെയിൻ കോച്ചിലും സ്ലീപ്പർ ക്ലാസ്സിൽ ആറ് മുതൽ ഏഴ് വരെ, എസി 3-ടയറിൽ നാല് മുതൽ അഞ്ച് വരെ, എ.സി. 2-ടയറിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബർത്ത് സീറ്റുകൾ മുതിർന്ന പൗരന്മാർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും ഗർഭിണികൾക്കുമായി മാറ്റിവെച്ചിട്ടുണ്ട്.
കൂടാതെ, എല്ലാ സോണൽ റെയിൽവേകളിലെയും സബർബൻ വിഭാഗങ്ങളിലെ ആദ്യത്തെയും അവസാനത്തെയും രണ്ടാം ക്ലാസ് ജനറൽ കംപാർട്ട്‌മെൻ്റുകളിൽ കുറഞ്ഞത് ഏഴ് സീറ്റുകൾ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രായപരിധി തെളിയിക്കുന്ന രേഖകൾ ആവശ്യമില്ലെങ്കിലും, യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് പരിശോധകർ ആവശ്യപ്പെട്ടാൽ കാണിക്കാൻ സാധുവായ തിരിച്ചറിയൽ രേഖ കൈവശം വെക്കേണ്ടത് നിർബന്ധമാണ്.


