വാഗ്ദാനം ചെയ്ത 12,000 പ്രത്യേക ട്രെയിനുകൾ എവിടെയെന്ന് ചോദിച്ച രാഹുൽ ഗാന്ധി, ഇത് എൻ‌ഡി‌എയുടെ വഞ്ചനാപരമായ നയങ്ങളുടെ തെളിവാണെന്നും വിമർശിച്ചു.

ദില്ലി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1200 സ്പെഷ്യൽ ട്രെയിനുകൾ എവിടെയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്സവ സീസണിലെ ട്രെയിൻ ക്രമീകരണങ്ങളെ വിമർശിച്ചാണ് പ്രതികരണം. ഛഠ് പൂജയ്ക്കായി ബിഹാറിലേക്ക് യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികൾ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ വിമർശനം.

"ഇത് ദീപാവലി, ഭായ് ദൂജ്, ഛാഠ് തുടങ്ങിയ ഉത്സവങ്ങളുടെ മാസമാണ്. ബിഹാറിൽ, ഈ ഉത്സവങ്ങൾ വിശ്വാസത്തേക്കാൾ ഉപരിയായി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹമാണ്- മണ്ണിന്റെ ഗന്ധം, കുടുംബത്തിന്റെ സ്നേഹം, ഗ്രാമത്തിന്റെ വാത്സല്യം. എന്നാൽ ഈ ആഗ്രഹം ഇപ്പോൾ ഒരു പോരാട്ടമായി മാറിയിരിക്കുന്നു. ബിഹാറിലേക്കുള്ള ട്രെയിനുകൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു, ടിക്കറ്റ് ലഭിക്കുക അസാധ്യമാണ്, യാത്ര മനുഷ്യത്വരഹിതമായിരിക്കുന്നു. പല ട്രെയിനുകളും അതിന്റെ ശേഷിയുടെ 200% വരെ ആളുകളെ വഹിക്കുന്നു. ആളുകൾ വാതിലുകളിലും മറ്റും തൂങ്ങിക്കിടക്കുന്നു യാത്ര ചെയ്യുന്നു."- രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ വിമർശിച്ചു.

ഇവർ നിസ്സഹായരായ യാത്രക്കാരല്ല, മറിച്ച് എൻ‌ഡി‌എയുടെ വഞ്ചനാപരമായ നയങ്ങളുടെയും ജീവിക്കുന്ന തെളിവാണെന്ന് രാഹുൽ വിമർശിച്ചു-

"ഇരട്ട-എഞ്ചിൻ സർക്കാരിന്റെ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. 12,000 പ്രത്യേക ട്രെയിനുകൾ എവിടെപ്പോയി? എന്തുകൊണ്ടാണ് എല്ലാ വർഷവും സാഹചര്യങ്ങൾ മോശമാകുന്നത്? എന്തുകൊണ്ടാണ് ബിഹാറിലെ ആളുകൾക്ക് എല്ലാ വർഷവും ഇത്രയും അപമാനകരമായ സാഹചര്യങ്ങളിൽ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നത്? സംസ്ഥാനത്ത് തൊഴിലും മാന്യമായ ജീവിതവും ഉണ്ടായിരുന്നെങ്കിൽ, അവർക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ അലഞ്ഞുതിരിയേണ്ടി വരില്ലായിരുന്നു. ഇവർ നിസ്സഹായരായ യാത്രക്കാർ മാത്രമല്ല, എൻ‌ഡി‌എയുടെ വഞ്ചനാപരമായ നയങ്ങളുടെ ജീവിക്കുന്ന തെളിവാണ്. സുരക്ഷിതവും മാന്യവുമായ യാത്ര അവകാശമാണ്, ഒരു ഔദാര്യമല്ല"

Scroll to load tweet…

മുൻ ബിഹാർ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർ‌ജെ‌ഡി) നേതാവുമായ ലാ​ലു പ്ര​സാ​ദ് യാ​ദ​വും ട്രെയിൻ ക്രമീകരണങ്ങൾ അപര്യാപ്തമാണെന്ന് വിമർശിച്ചു. രാജ്യത്തെ മൊത്തം 13,198 ട്രെയിനുകളിൽ 12,000 ട്രെയിനുകളും ഛാഠ് ഉത്സവ വേളയിൽ ബിഹാറിന് വേണ്ടി ഓടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ആർ‌ജെ‌ഡി നേതാവ് പറഞ്ഞു. "പച്ചയായ വഞ്ചന" ആണിതെന്നും വിമർശിച്ചു.

ഒക്ടോബർ 1 മുതൽ നവംബർ 30 വരെ വിവിധ ഉത്സവങ്ങൾ കണക്കിലെടുത്ത് 61 ദിവസത്തെ കാലയളവിൽ രാജ്യത്തുടനീളം 12,000-ത്തിലധികം പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്നായിരുന്നു റെയിൽവേയുടെ പ്രഖ്യാപനം. ഇത് ചൂണ്ടിക്കാട്ടിയാണ് ആ ട്രെയിനുകൾ എവിടെയെന്ന് പ്രതിപക്ഷം ചോദിക്കുന്നത്.