Asianet News MalayalamAsianet News Malayalam

ലാളിത്യവും മാന്യതയും കൈവിടാത്ത പെരുമാറ്റം, രാജ്യസഭയില്‍ സമവായം ഒരുക്കാന്‍ ധന്‍കറിന് കഴിയുമോ?

പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലിന് ശേഷമാണ് ധന്‍കർ ദില്ലിയിൽ ഉന്നത പദവിയിലേക്ക് എത്തുന്നത്. രാജ്യസഭയിൽ സമവായത്തിന്‍റെ അന്തരീക്ഷം ഒരുക്കാൻ ധൻകറുടെ ശൈലിക്കാകുമോ 

whether Jagdeep Dhankhar s style can create an atmosphere of consensus in the Rajya Sabha
Author
Delhi, First Published Aug 6, 2022, 8:03 PM IST

ദില്ലി: ജനപ്രതിനിധി, അഭിഭാഷകൻ എന്ന നിലയിലെ ദീർഘകാലത്തെ അനുഭവ പരിചയവുമായാണ് ജഗ്ദീപ് ധൻകർ പതിനാലാമത് ഉപരാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ പോകുന്നത്. പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലിന് ശേഷമാണ് ധന്‍കർ ദില്ലിയിൽ ഉന്നത പദവിയിലേക്ക് എത്തുന്നത്. രാജ്യസഭയിൽ സമവായത്തിന്‍റെ അന്തരീക്ഷം ഒരുക്കാൻ ധൻകറുടെ ശൈലിക്കാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

തുറന്നടിക്കുന്ന ധൻകർ പ്രകൃതം പലപ്പോഴും ബംഗാളിൽ സർക്കാരിനും ഗവർണ്ണർക്കും ഇടയിലെ ഏറ്റുമുട്ടലിന് ഇടയാക്കിയിരുന്നു. ബംഗാളിലെ അക്രമങ്ങളുടെ പേരിലും  നിയമനിർമ്മാണത്തിന് സഭയിലുണ്ടാകുന്ന കാലതാമസത്തിന്‍റെ പേരിലും,  സർവകലാശാല വിഷയങ്ങളിലും ധൻകർ മമത ബാനർജിയുമായി കൊമ്പുകോർത്തു. എന്നാൽ അതേ മമത ബാനർജിയുമായി ഒടുവിൽ ഒത്തുതീർപ്പിലെത്തിയാണ് ധൻകർ പടിയിറങ്ങിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടു നിന്നത് ഈ ധാരണയുടെ സൂചനയായി. അവസരം വരുമ്പോൾ അനുനയത്തിൻറെ ശൈലിയും വശമുണ്ടെന്ന സന്ദേശം നല്‍കിയ ധൻകർക്ക് രാജ്യസഭയിൽ ഇത് പുറത്തെടുക്കാൻ കഴിയുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്. 

ഏക സിവിൽ കോഡ് പോലെ സർക്കാരിന്‍റെ പല നീക്കങ്ങൾക്കും രാജ്യസഭയിലെ വിജയം നിർണ്ണായകമാണ്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ജഗ്ദീപ് ധൻകർ നിയമ പഠനത്തിന് ശേഷം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്‍റാണ്. ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തി. 1989 ൽ ജുൻജുനുവിൽ നിന്ന് ലോക്സഭ അംഗമായി. വി പി സിങ് സർക്കാരിൽ പാർലമെന്‍ററികാര്യ സഹമന്ത്രിയായിരുന്നു. പിന്നീട് രാജസ്ഥാൻ രാജ്യസഭ അംഗമായി. 

രണ്ടായിരത്തി മൂന്നിൽ ബിജെപിയിൽ ചേർന്നു. 2019 ജൂൺ 20 നാണ് പശ്ചിമ ബംഗാൾ ഗവർണ്ണറാവുന്നത്. കർഷകസമരത്തിനു ശേഷം ചോർന്നുപോയ ജാട്ട് സമുദായ പിന്തുണ കൂടി മനസ്സിൽ വച്ചാണ് ജഗ്ദീപ് ധൻകറെ ബിജെപി ഈ പദത്തിലേക്ക് കൊണ്ടുവരുന്നത്. ആക്രമണ ശൈലി പുറത്തെടുക്കുമ്പോഴും മാന്യതയും ലാളിത്യവും കൈവിടാതെയുള്ള പെരുമാറ്റത്തിലൂടെ ശ്രദ്ധേയനായ ധൻകർ രാജ്യസഭയിലെ അന്തരീക്ഷത്തിൽ കൊണ്ടു വരുന്ന മാറ്റങ്ങൾക്കായി കാത്തിരിക്കാം.

Follow Us:
Download App:
  • android
  • ios