ദില്ലി: പുൽവാമയിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാർഷികത്തിൽ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ കടന്നാക്രമണവുമായി രാഹുൽ ഗാന്ധി. ആരാണ് പുൽവാമയുടെ പേരിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്തതെന്നും, പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം എന്തായി എന്നും, അതിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തതെന്ത് എന്നും രാഹുൽ ഗാന്ധി ചോദിക്കുന്നു. കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളാണ് രാഹുലിന് ചോദിക്കാനുള്ളത്.

  • ആരാണ് പുൽവാമയിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്തത്?
  • ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം എന്തായി? ആ റിപ്പോർട്ട് എവിടെ? അതിന്‍റെ കണ്ടെത്തലുകൾ എന്ത്?
  • കേന്ദ്രസർക്കാരിൽ ഈ ഇന്‍റലിജൻസ് പിഴവിന്‍റെ ഉത്തരവാദിത്തം ആ‌ർക്കാണ്? 

കേന്ദ്രസർക്കാരിന് തന്നെ ആക്രമണത്തിന് പിന്നിൽ കൈയുണ്ടെന്ന ധ്വനിയുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റുകൾ വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയേക്കാവുന്നതാണ്. പുൽവാമയുടെ ഒന്നാം വാർഷികത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുകയും വികാരഭരിതമായ സന്ദേശങ്ങൾ പുറത്തുവിടുകയും ചെയ്ത സ്ഥിതിക്ക് പ്രത്യേകിച്ച്. 

പുൽവാമയ്ക്ക് പിന്നാലെ വന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ആഭ്യന്തരസുരക്ഷയും തീവ്രവാദവും ദേശീയതയും പറഞ്ഞ് വഴിതിരിച്ച് വിട്ട ബിജെപിക്കെതിരെ രൂക്ഷമായ രാഷ്ട്രീയാരോപണ സൂചനകളാണ് രാഹുൽ ഗാന്ധി ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ഇതിൽ നേട്ടം കൊയ്തത് ബിജെപിയാണെന്നും രാഹുൽ ഗാന്ധി സൂചിപ്പിക്കുന്നു.

പുൽവാമ ഭീകരാക്രമണവും, ഇതിന് മറുപടിയെന്നോണം പാകിസ്ഥാനിലേക്ക് കടന്ന് ആക്രമണം നടത്തിയ ബാലാകോട്ട് പ്രത്യാക്രമണവും ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ജനവിധിയിൽ പ്രതിഫലിച്ചുവെന്നത് വ്യക്തമായിരുന്നു. വിലക്കയറ്റമുൾപ്പടെ ജനങ്ങളെ ബാധിച്ച വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടപ്പെട്ടു. എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും ബിജെപി മുന്നോട്ടുവച്ചത് ദേശീയതയും സുരക്ഷയും മുൻനിർത്തിയുള്ള മുദ്രാവാക്യങ്ങളാണ്.

പുൽവാമ ഭീകരാക്രമണം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സിആർപിഎഫ് ആഭ്യന്തരസമിതി കണ്ടെത്തിയത്, ഇന്ത്യയുടെ ഇന്‍റലിജൻസ് സംവിധാനത്തിൽ വൻ പാകപ്പിഴകളുണ്ടായി എന്നാണ്. നീണ്ട ഒരു കോൺവോയ് സംഘവുമായി യാത്ര തുടങ്ങാനുള്ള തീരുമാനം തന്നെ അസ്വാഭാവികമാണെന്നും, അതാണ് മരണസംഖ്യ ഇത്രയും ഭീതിദമായി ഉയർന്നതെന്നും, അന്വേഷണസമിതി ചൂണ്ടിക്കാട്ടി. ഐഇഡി സ്ഫോടനസാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഒരു കോൺവോയിക്ക് ഇടയിലേക്ക് കാർ ഇടിച്ച് കയറ്റി ചാവേറാക്രമണം നടത്താനുള്ള സാധ്യത ആരും മുൻകൂട്ടി കണ്ടിരുന്നില്ല.

തീവ്രവാദികളോടൊപ്പം ശ്രീനഗറിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യവേ അറസ്റ്റിലായ ജമ്മു കശ്മീരിലെ ഉന്നത പൊലീസുദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണമുയരുന്നുണ്ട്. എന്തോ മറച്ചുവയ്ക്കാനാണ് ഈ അറസ്റ്റെന്നും കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിടാത്തതെന്തെന്നും നേരത്തേ കോൺഗ്രസ് ചോദിച്ചിരുന്നു.

പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കായി സ്മാരകം പണിയുന്നതിനെ സിപിഎമ്മും എതിർത്തിരുന്നു. പാവപ്പെട്ട ജവാൻമാരുടെ ജീവൻ തന്നെ നഷ്ടമാകാൻ കാരണം ഇവിടുത്തെ സംവിധാനങ്ങളുടെ പിടിപ്പുകേടാണ്. ആ പിടിപ്പുകേടിന്‍റെ സ്മാരകമാണോ ഇവിടെ നിർമിക്കേണ്ടത്? ജമ്മു കശ്മീർ സിപിഎം നേതാവ് മുഹമ്മദ് സലിം ചോദിക്കുന്നു.