ഉത്തര്‍പ്രദേശില്‍ നിന്ന് ആറ് തവണ എംപിയായിരുന്നു ഗുസ്തി ഫെഡറേഷനിലെ അതികായനായ  ബ്രജ് ഭൂഷണ്‍ ശരണ്‍ സിംഗ്

ഴിഞ്ഞ മൂന്ന് ദിവസമായി രാജ്യ തലസ്ഥാനത്ത് ഗുസ്തി ഫെഡറേഷന്‍ തലവനെതിരെ അതിഗുരുതരമായ ആരോപണങ്ങളുയര്‍ത്തി കായിക താരങ്ങള്‍ സമരം ചെയ്യുകയാണ്. ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലൈംഗീക ആരോപണം മുതല്‍ ശാരീരിക ഉപദ്രവം വരെയുള്ള ഗുരുതര കുറ്റങ്ങളാണ് ഫെഡറേഷന്‍ തലവനെതിരെ കായിക താരങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പൊതുവേദിയില്‍ വച്ച് കായിക താരത്തിന്‍റെ മുഖത്തടിക്കുന്ന ഫെഡറേഷന്‍ തലവന്‍റെ വീഡിയോകള്‍ ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രൂക്ഷമായ ആരോപണങ്ങള്‍ ഉയരുമ്പോഴും പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കം. ആരാണ് വിവാദ നായകനായ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രജ് ഭൂഷണ്‍ ശരണ്‍ സിംഗ് ? 

2011 മുതല്‍ ഗുസ്തി ഫെഡറേഷന്‍റെ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റാണ് ബ്രിജ് ഭൂഷൺ ശരൺ സിംഗ്. അതേസമയം ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപിയും കൂടിയാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശിലെ ഗോണ്ട, കൈസർഗഞ്ച്, ബൽറാംപൂർ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ആറ് തവണ ബിജെപി എംപിയായിരുന്നു ഇയാള്‍. വര്‍ഷങ്ങളായി ഇയാള്‍ വനിതാ ഗുസ്തി താരങ്ങളെ ചൂഷണം ചെയ്യുന്നതായി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചു.

കൂടുതല്‍ വായിക്കാന്‍: ബ്രിജ് ഭൂഷണെതിരെ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷക്ക് പരാതി നല്‍കി ഗുസ്തി താരങ്ങള്‍

1991-ൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച ബ്രജ് ഭൂഷണ്‍ ശരണ്‍ സിംഗ് പത്താം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1999, 2004, 2009, 2014, 2019 വർഷങ്ങളിൽ ഇയാള്‍ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ടിക്കറ്റില്‍ സീറ്റില്‍ കൈസർഗഞ്ചില്‍ നിന്നാണ് ഇയാള്‍ മത്സരിച്ചത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്നു. തുടര്‍ന്ന് 2014 ലും 2019 ലും ബിജെപി ടിക്കറ്റിൽ മത്സരിച്ച് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കൂടുതല്‍ വായിക്കാന്‍: പൊതുവേദിയില്‍ വെച്ച് ഗുസ്തി താരത്തിന്‍റെ മുഖത്തടിച്ച് ബ്രിജ് ഭൂഷൺ സിംഗ്; വീഡിയോ

ബാബരി തകർത്ത കേസിലെ പ്രതിപ്പട്ടികയില്‍ ഇടം പിടിച്ചയാളാണ് ബ്രിജ് ഭൂഷൺ ശരൺ സിംഗ്. പിന്നീട് ഇയാളെ കോടതി കുറ്റവിമുക്തനാക്കി. 2020 ൽ കോടതി കുറ്റവിമുക്തനാക്കിയ ബിജെപി നേതാവ് എൽകെ അദ്വാനി ഉൾപ്പെടെയുള്ള കുറ്റാരോപിതരായ 40 നേതാക്കളുടെ പട്ടികയിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്‍റെ പേരുമുണ്ടായിരുന്നു. നന്നായി സംസാരിക്കാന്‍ അറിയാവുന്ന ഇയാള്‍ ദശാബ്ദത്തോളമായി ഫെഡറേഷനിലെ ശക്തമായ സ്വാധീന ശക്തിയാണ്. നേരത്തെ രാജ് താക്കറെയ്ക്കെതിരെ വിവാദ പ്രസ്താവന ഇറക്കിയ ഇയാള്‍ ഫോഗട്ട് ഉന്നയിച്ച് ആരോപണങ്ങള്‍ നിഷേധിച്ചു. "ലൈംഗിക പീഡന ആരോപണങ്ങളെല്ലാം തെറ്റാണ്, അവ ശരിയാണെന്ന് കണ്ടെത്തിയാൽ ഞാൻ ആത്മഹത്യ ചെയ്യും. ഞാൻ ഗുസ്തിക്കാരുമായി സംസാരിക്കാന്‍ ശ്രമിച്ചു, ബജ്‌റംഗ് പുനിയ ഉൾപ്പെടെ, പക്ഷേ അതിന് കഴിഞ്ഞില്ല." എന്നായിരുന്നു തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കവേ ഇയാള്‍ പറഞ്ഞത്. 

കൂടുതല്‍ വായിക്കാന്‍: ചർച്ച പരാജയം; ബ്രിജ്ഭൂഷനെതിരായ ലൈംഗികാരോപണത്തിലടക്കം ഉറച്ച് താരങ്ങൾ, പ്രതിഷേധം ശക്തമാക്കുമെന്നും മുന്നറിയിപ്പ്