Asianet News MalayalamAsianet News Malayalam

ചർച്ച പരാജയം; ബ്രിജ്ഭൂഷനെതിരായ ലൈംഗികാരോപണത്തിലടക്കം ഉറച്ച് താരങ്ങൾ, പ്രതിഷേധം ശക്തമാക്കുമെന്നും മുന്നറിയിപ്പ്

കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുവെന്നും പ്രതിഷേധക്കാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Wrestlers will continue protest against Wrestling Federation of India chief Brij Bhushan Sharan Singh
Author
First Published Jan 19, 2023, 6:29 PM IST

ദില്ലി : ഗുസ്തി ഫെഡറേഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കായിക മന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടു. ഫെഡറേഷൻ പിരിച്ചുവിടുകയും, ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് താരങ്ങൾ അറിയിച്ചു. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങൾ അറിയിച്ചു. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നും സമരത്തിന് പിന്തുണ ലഭിക്കുന്നുവെന്നും പ്രതിഷേധക്കാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

ലൈംഗിക ആരോപണമടക്കമുന്നയിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ദൂഷൺ സിംഗിനെതിരെ വലിയ പ്രതിഷേധമാണ് കായികതാരങ്ങളുയർത്തിയത്. ഈ മാസം 22 ന് നടത്തുന്ന വാർഷിക പൊതുയോഗത്തിൽ ബ്രിജ് ദൂഷൺ രാജി അറിയിച്ചേക്കുമെന്ന സൂചന ലഭിച്ചെങ്കിലും  ബ്രിജ് ഭൂഷൺ സിംഗിനെതിരെ നിയമനടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരാനാണ് കായികതാരങ്ങളുടെ തീരുമാനം. 

റെസ്ലിങ് ഫെഡറേഷൻ അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളാണ് റെസ്ലിംഗ് താരങ്ങൾ ഉയർത്തിയത്. ബിജെപി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ആദ്യമായി റെസ്ലിംഗ് താരം വിനേശ് ഫോഘട്ടാണ് ഉയർത്തിയത്. താനുൾപ്പടെയുള്ള വനിതാ താരങ്ങളെ ബിജെപി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന വിനേശ് ഫോഘട്ടിന്റെ ആരോപണത്തിന് പിന്നാലെ കൂടുതൽ വിവരങ്ങളും പുറത്ത് വന്നു. 

ഇതിനൊപ്പം ഫേഡറേഷൻറെ പ്രവർത്തനത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം താരങ്ങളുയർത്തി. കായിക താരങ്ങൾക്ക് വേണ്ട സൌകര്യങ്ങൾ ഒരുക്കുന്നതിനപ്പുറം വ്യക്തിപരമായ തീരുമാനങ്ങളിൽ വരെ ഫെഡറേഷൻ കൈകടത്തുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരോ കോടതിയോ ആവശ്യപ്പെട്ടാൽ ആരോപണങ്ങൾക്ക് തെളിവ് സമർപ്പിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നായിരുന്നു ബ്രിജ് ഭൂഷണിൻറെ പ്രതികരണം.

 

Follow Us:
Download App:
  • android
  • ios