ഷഹീൻ ഷാഹിദ് എന്നാണ് ഡോക്ടറുടെ പേര്. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്ന് ഒരു എകെ ക്രിങ്കോവ് റൈഫിൾ, മൂന്ന് മാഗസിനുകൾ, ഒരു പിസ്റ്റൾ, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകൾ, രണ്ട് അധിക മാഗസിനുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ദില്ലി: ഹരിയാനയിൽ നിന്ന് തോക്കും തിരകളുമായി പിടിയിലായ വനിതാ ഡോക്ടറുടെ വിവരങ്ങൾ പുറത്തുവരുന്നു. കാറിൽ നിന്ന് തോക്കും ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്ത സംഭവത്തിലാണ് ലഖ്‌നൗവിലെ വനിതാ ഡോക്ടർ അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത കാർ, സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിന് നേരത്തെ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ (35) കൈവശം വച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫരീദാബാദിലെ ധൗജിലെ ഒരു വാടക വീട്ടിൽ നിന്ന് 360 കിലോഗ്രാം സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതിന് പിറ്റേ ദിവസമാണ് ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ലഖ്‌നൗവിൽ നിന്നുള്ള വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തത്.

ഷഹീൻ ഷാഹിദ് എന്നാണ് ഡോക്ടറുടെ പേര്. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്ന് ഒരു എകെ ക്രിങ്കോവ് റൈഫിൾ, മൂന്ന് മാഗസിനുകൾ, ഒരു പിസ്റ്റൾ, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകൾ, രണ്ട് അധിക മാഗസിനുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ലഖ്‌നൗവിലെ ലാൽ ബാഗിലാണ് ഡോ. ഷഹീൻ ഷാഹിദ് താമസിക്കുന്നത്. അറസ്റ്റിനുശേഷം, ഇവരെ ജമ്മു കശ്മീർ പോലീസ് ചോദ്യം ചെയ്യലിനായി വിമാനമാർഗം ശ്രീനഗറിലേക്ക് കൊണ്ടുവന്നു. അവർ സ്വയം സ്‌ഫോടകവസ്തുക്കൾ എത്തിച്ചോ അതോ ലോജിസ്റ്റിക്കൽ പിന്തുണ നൽകിയോ എന്നും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ മൊഡ്യൂളിന്റെ പദ്ധതികളെക്കുറിച്ച് അവർക്ക് അറിയാമായിരുന്നോ എന്ന് കണ്ടെത്താൻ അവരുടെ സാമ്പത്തിക ഇടപാടുകളും സന്ദേശങ്ങളും പരിശോധിച്ചുവരികയാണ്.

ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത കാർ, പുൽവാമയിലെ കോയിലിൽ താമസിക്കുന്ന ഡോക്ടർ മുസമ്മിൽ ഷക്കീലിന്റെ (35) കൈവശം വച്ചിരുന്നതാണ്. സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിന് നേരത്തെ ഡോ. മുസമ്മിൽ ഷക്കീലിനെ അറസ്റ്റ് ചെയ്തിരുന്നു. ലോക്കൽ പോലീസിന്റെ സഹായത്തോടെ ജമ്മു കശ്മീർ പോലീസും ഐബി സംഘവും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.

നേരത്തെ, ഡോ. മുസമ്മിലുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ അന്വേഷകർ പരിശോധന നടത്തിയപ്പോൾ ഏകദേശം 14 ബാഗ് അമോണിയം നൈട്രേറ്റ്, 84 ലൈവ് കാട്രിഡ്ജുകൾ, ഒരു എകെ-47 റൈഫിൾ, ടൈമറുകൾ, 5 ലിറ്റർ കെമിക്കൽ ലായനി എന്നിവ കണ്ടെടുത്തു. ഏകദേശം 10 ദിവസം മുമ്പാണ് സ്ഫോടകവസ്തുക്കൾ അദ്ദേഹത്തിന്റെ കൈവശമെത്തിയതെന്ന് റിപ്പോർട്ടുണ്ട്.

ശ്രീനഗറിൽ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകൾ പതിച്ചതിന് കശ്മീരിൽ നിന്നുള്ള ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നുള്ള ഡോ. അദീൽ അഹമ്മദ് റാത്തർ അറസ്റ്റിലായതിനെ തുടർന്നാണ് സംഘത്തെ പിടികൂടിയത്. അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോ. അദീലിന്റെ ലോക്കറിൽ നിന്ന് എകെ 47 റൈഫിളും വെടിക്കോപ്പുകളും കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഡോ. അദീലിന്റെ ചോദ്യം ചെയ്യലിൽ, 2021 മുതൽ ഡോക്ടർമാരുടെ ശൃംഖല യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. ശ്രീനഗറിൽ നിന്നുള്ള ഡോ. ഒമർ എന്നറിയപ്പെടുന്ന ഹാഷിം ആണ് ഇവരുടെ നേതാവ്. ജെയ്‌ഷെ മുഹമ്മദ്, ഗസ്‌വത്ത്-ഉൽ-ഹിന്ദ് തുടങ്ങിയ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മേഖലയിലെ മറ്റ് നിരവധി മെഡിക്കൽ പ്രൊഫഷണലുകളും പരിശോധനയിലാണ്.