വിദേശത്ത് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇത് ആരുടെ പ്രേരണ കൊണ്ടാണെന്ന് രാഹുൽ വിശദീകരിക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
ദില്ലി : രാഹുൽ ഗാന്ധിക്കെതിരായ ഗുലാംനബി ആസാദിന്‍റെ ആരോപണം ആയുധമാക്കി ബിജെപി. രാഹുൽ വിദേശത്ത് പോകുമ്പോൾ കളങ്കിത വ്യവസായികളെ കാണുന്നത് തനിക്കറിയാമെന്ന ഗുലാം നബി ആസാദ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ അഭിമുഖത്തിലെ വാചകങ്ങളാണ് ബിജെപി രാഹുലിനെതിരെ ആയുധമാക്കുന്നത്. രാഹുൽ വിദേശത്ത് വെച്ച് കാണുന്ന വ്യവസായികൾ ആരൊക്കെയാണെന്ന് രാഹുൽ ഗാന്ധി വിശദീകരിക്കണമെന്ന് ബിജപി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. വിദേശത്ത് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇത് ആരുടെ പ്രേരണ കൊണ്ടാണെന്ന് രാഹുൽ വ്യക്തമാക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
'രാഹുലിന് ആരോടെല്ലാം ബന്ധമുണ്ടെന്ന് തനിക്കറിയാം. വിദേശത്ത് വെച്ച് രാഹുൽ ആരെയെല്ലാമാണ് കാണുന്നതെന്നുമറിയാം. രാഹുൽ വിദേശത്ത് വെച്ച് ചില കളങ്കിത വ്യവസായികളെ കാണുന്ന കാര്യം അറിയാഞ്ഞിട്ടല്ല'. ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണമാണ് കൂടുതലൊന്നും പറയാത്തതെന്നുമായിരുന്നു ഗുലാംനബി ആസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അഭിമുഖത്തിലെ ഈ വാചകങ്ങളാണ് വലിയ തോതിൽ ചർച്ചയാകുന്നത്.
എന്നാൽ ആരോപങ്ങളുന്നയിച്ച ഗുലാം നബിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. മോദിയോടുള്ള വിധേയത്വം കാട്ടാൻ ഓരോ ദിവസവും ഗുലാംനബി ആസാദ് ഗുലാംനബി ആസാദ് തരം താഴുന്നുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. കോൺഗ്രസ് നേതൃത്വത്തിനെതിരായ ഗുലാംനബിയുടെ വാക്കുകൾ അപലപനീയമാണ്. ശ്രദ്ധ കിട്ടാനുള്ള പരിതാപകര ശ്രമമാണ് ഗുലാംനബി നടത്തുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗുലാം നബി രാഹുലിന്റെ വിദേശ സന്ദർശനത്തെ വിമർശിച്ചതിനോടായിരുന്നു ജയറാം രമേശിന്റെയും പ്രതികരണം.

