സര്‍ക്കാറിന്റെ ആത്മനിര്‍ഭര്‍ മുദ്രാവാക്യത്തെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. റെയില്‍വേയടക്കം സുപ്രധാനമായ 32 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതാണ് കേന്ദ്ര നയമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി. 

ദില്ലി: സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി, ചൈനയെ പേരെടുത്ത് വിമര്‍ശിക്കാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയ ചൈനക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് കേന്ദ്രം ജനങ്ങളോട് വിശദീകരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. സര്‍ക്കാറിന്റെ ആത്മനിര്‍ഭര്‍ മുദ്രാവാക്യത്തെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. റെയില്‍വേയടക്കം സുപ്രധാനമായ 32 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതാണ് കേന്ദ്ര നയമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

രാജ്യത്തെ സൈനികരയെും അര്‍ധസൈനികരെയും പൊലീസിനെയും കുറിച്ച് രാജ്യത്തെ എല്ലാവര്‍ക്കും കോണ്‍ഗ്രസിനും അഭിമാനമുണ്ട്. ആരെങ്കിലും നമ്മളെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴക്കെ അവര്‍ ശക്തമായി തിരിച്ചടിച്ചിട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലിരിക്കുന്നവര്‍ക്ക് ചൈനയുടെ പേര് പറയാന്‍ എന്തിനാണ് ഭയം. ഇന്ത്യയുടെ മണ്ണിലേക്ക് കടന്നുകയറിയ ചൈനീസ് സൈന്യത്തെ തുരത്താനും നമ്മുടെ പരമാധികാരം സംരക്ഷിക്കാനും എന്താണ് നടപടിയെന്ന് ഇന്ന് നമ്മള്‍ സര്‍ക്കാറിനോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ചെങ്കോട്ടയില്‍ നടന്ന പരിപാടിയില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യക്കാകുമെന്നും സംസാരിച്ചിരുന്നു. എന്നാല്‍ ചൈനയുടെയും പാകിസ്ഥാന്റെയും പേര് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.