Asianet News MalayalamAsianet News Malayalam

കൊവിഡ് ചികിത്സ: സൗജന്യം ലഭിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ ചികിത്സ സൌജന്യമാക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ പല സ്വകാര്യ ആശപത്രികള്‍ക്കും സൌജന്യമായോ വളരെ കുറഞ്ഞ ചെലവിലോ ഭൂമി ലഭ്യമായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സൌജന്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ള ആശുപത്രികള്‍ക്ക് ചികിത്സ സൌജന്യമായി നല്‍കാനുള്ള ബാധ്യതയുണ്ട്. 

why cant private hospitals, given land free of cost, treat Covid-19 patients for free asks supreme court
Author
New Delhi, First Published May 28, 2020, 8:50 AM IST

ദില്ലി: കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വിഷയത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി സൌജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികള്‍ക്ക് എന്ത് കൊണ്ടാണ് കൊവിഡ് 19 രോഗികളെ സൌജന്യമായി ചികിത്സിക്കാന്‍ സാധിക്കാത്തതെന്ന് സുപ്രീം കോടതി ചോദിച്ചു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് 19 ചികിത്സാ ചെലവുകളേക്കുറിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. കൊവിഡ് 19 രോഗികളെ സൌജന്യമായും വളരെ കുറഞ്ഞ ചെലവിലും ചികിത്സിക്കാന്‍ സാധിക്കുന്ന സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ,ജസ്റ്റിസ് എ എസ് ബോപ്പണ്ണ, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. 

അഭിഭാഷകനായ സച്ചിന്‍ ജയിന്‍ ആണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. രാജ്യത്തെ പല സ്വകാര്യ ആശപത്രികള്‍ക്കും സൌജന്യമായോ വളരെ കുറഞ്ഞ ചെലവിലോ ഭൂമി ലഭ്യമായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സൌജന്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ള ആശുപത്രികള്‍ക്ക് ചികിത്സ സൌജന്യമായി നല്‍കാനുള്ള ബാധ്യതയുണ്ട്. ഇത് സംബന്ധിച്ച് പൊതുവായ ഒരു നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയോട് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ മാസം സ്വകാര്യ ലാബുകളിലും കൊവിഡ് 19 ടെസ്റ്റിംഗ് സൌജന്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്വകാര്യ ലാബുകളുടെ അപേക്ഷ കണക്കിലെടുത്ത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ അംഗമായവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഈ സൌജന്യം നല്‍കണമെന്ന് കോടിതി തിരുത്തിയിരുന്നു. 

പല സ്വകാര്യ ആശുപത്രികളും കൊവിഡ് 19 ചികിത്സയ്ക്ക് വന്‍ ചിലവാണ് ഈടാക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ തുകയുടെ 50 ശതമാനം പോലും റീ ഫണ്ട് ചെയ്യാതിരിക്കുന്ന സാഹചര്യവും രാജ്യത്ത് നിലവിലുണ്ടെന്ന് സച്ചിന്‍ ജെയിന്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിശദമാക്കുന്നു. സ്വകാര്യ ആശുപത്രികള്‍ വന്‍തുക ചാര്‍ജ് ചെയ്യുന്നതാണ് ഇന്‍ഷുറന്‍സ് കമ്പനികളെ വലയ്ക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. വന്‍തുക സമ്പാദ്യമില്ലാത്ത സാധാരണക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാരുടെ ഈ നിലപാട് ആശങ്കയുണ്ടാക്കുന്നതാണെന്നും പരാതി വിശദമാക്കുന്നു. രാജ്യത്തെ വലിയൊരു വിഭാഗം ജനത്തിന്‍റെ ആശങ്കയാണ് പങ്കുവച്ചിരിക്കുന്നതെന്ന് സച്ചിന്‍ ജെയിന് പറയുന്നു. മഹാമാരി ഇത്തരത്തില്‍ വ്യാപിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ചികിത്സയ്ക്കായി സമീപിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 

Follow Us:
Download App:
  • android
  • ios