കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ്

ദില്ലി: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ സ്മാരകത്തെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് എത്തി നില്‍ക്കുന്നത് ചിതാഭസ്മ നിമജ്ജനത്തിലാണ്. യമുന നദിയില്‍ ഇന്നലെയാണ് ചടങ്ങ് നടന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തു. സ്മാരകത്തെ ചൊല്ലി വിവാദമുണ്ടാക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയൊന്നും നിമജ്ജന ചടങ്ങില്‍ കണ്ടില്ലെന്ന് ബിജെപി ആരോപിച്ചു. സ്മാരകത്തിന്‍റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കി കോണ്‍ഗ്രസ് മന്‍മോഹന്‍ സിങിനെ അപമാനിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

അതേസമയം കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിറക്കി. മൻമോഹൻ സിങിന്‍റെ സംസ്കാര ചടങ്ങിന് ശേഷം സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ചിതാഭസ്മ നിമജ്ജന ചടങ്ങ് തികച്ചും സ്വകാര്യമായി നടത്താനാണ് താല്‍പര്യമെന്ന് ഭാര്യയും മക്കളും അറിയിച്ചിരുന്നുവെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

എന്നാൽ വിവാദങ്ങളില്‍ നിന്ന് മന്‍മോഹൻ സിങിന്‍റെ കുടുംബം അകലം പാലിക്കുകയാണ്. സ്മാരകത്തിനായി സര്‍ക്കാര്‍ നടപടികള്‍ക്ക് കാക്കുകയാണെന്നും പ്രതികരണത്തിനില്ലെന്നുമാണ് കുടംബത്തിന്‍റെ നിലപാട്. 

ഇതിനിടെ കോൺഗ്രസ് പ്രണബ് മുഖര്‍ജിയോട് അനാദരവ് കാട്ടിയെന്ന മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയുടെ ആരോപണം സഹോദരന്‍ അഭിജിത് മുഖര്‍ജി തള്ളി. തന്‍റെ പിതാവിന് അനുശോചന യോഗം രേഖപ്പെടുത്താത്തതിന് കാരണം കോണ്‍ഗ്രസല്ലെന്നും കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം നടക്കാതെ പോയതാണെന്നും അഭിജിത് മുഖര്‍ജി വിശദീകരിച്ചു.

മൻമോഹൻ സിങിന്‍റെ സ്മാരക വിവാദത്തിൽ മൗനം പാലിച്ച് കുടുംബം; രാഷ്ട്രീയ ചർച്ചകളിൽ നിന്ന് മാറിനിൽക്കാൻ തീരുമാനം

YouTube video player