കൊവിഡ് 19 വൈറസ് ബാധിക്കുന്നതിന് സ്ത്രീ പുരുഷ വ്യത്യാസമുണ്ടോ? പ്രായമുള്ളവരില്‍ എന്ത് കൊണ്ടാണ് കോറോണ വൈറസ് ബാധ അതീവ അപകടകരമാകുന്നത്? നിരവധി ചോദ്യങ്ങളാണ് ഇത്തരത്തില്‍ കൊറോണയെ സംബന്ധിച്ച് പലര്‍ക്കുമുള്ളത്. എന്നാല്‍ രോഗകാരിയായ വൈറസിനേക്കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. പല ഗവേഷണ സ്ഥാപനങ്ങളുടേയും വിശദീകരണമനുസരിച്ച് പ്രാരംഭ ദിശയിലാണ് ഈ പരീക്ഷണങ്ങള്‍ ഉള്ളത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ ഡിസംബര്‍ സമയത്താണ് ചൈനയിലെ വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 2.94 ലക്ഷം ആളുകളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്നാണ് ലോകാരോഗ്യ സംഘടന വിശദമാക്കുന്നത്. 13000 ആളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതില്‍ ഏഴുപേരാണ് ഇന്ത്യയില്‍ മരിച്ചിട്ടുള്ളത്. 187 രാജ്യങ്ങളിലാണ് ഈ വൈറസ് ഇതിനോടകം ബാധിച്ചിട്ടുള്ളത്. 

നിലവിലെ പഠനങ്ങളുടെ വെളിച്ചത്തില്‍ കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളത് പ്രായമായവര്‍ക്കാണ്. സ്ത്രീകളേക്കാള്‍ കൂടുതലായി വൈറസ് ബാധ ഗുരുതരമാവുന്നതായി കണ്ടെത്തിയിരിക്കുന്നത് പുരുഷന്‍മാരിലുമാണ്. ശരീരത്തിലെ ഒരു പ്രോട്ടീന്‍ സാന്നിധ്യവുമായി ബന്ധപ്പെട്ടാണ് കൊറോണ വൈറസ് പ്രവര്‍ത്തിക്കുന്നത്. എസിഇ 2 എന്ന ഈ പ്രോട്ടീന്‍ രക്തസമ്മര്‍ദം ഏകോപിപ്പിക്കുന്ന എന്‍സൈമുകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ശ്വാസകോശമടക്കമുള്ളവയുടെ ഉപരിതലത്തിലെ ടിഷ്യൂവിലാണ് ഇത് കാണപ്പെടുന്നത്. എസിഇ 2 എന്ന പ്രോട്ടീനാണ് കൊറോണ വൈറസിന് മനുഷ്യശരീരത്തിലേക്കുളള ലാന്‍ഡിംഗ് സ്പോട്ട് അഥവ വാതില്‍ ആയി കണ്ടെത്തിയിട്ടുള്ളത്. 

കൊവിഡ് 19 വൈറസിന്‍റെ പ്രതലത്തിലുള്ള നിരവധി കൊളുത്തുകള്‍ ഈ പ്രോട്ടീനില്‍ താഴ്ത്തിയാണ് മനുഷ്യ ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കുന്നത്. ഒരു കോശത്തിനുള്ളില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ കൊറോണ വൈറസിന് പല മടങ്ങുകളായി കൂടാന്‍ ഏറെ നേരമെടുക്കില്ല. ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ രണ്ടു മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ കൊവിഡ് 19 ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. 

കൊവിഡ്19 ന് മനുഷ്യ ശരീരത്തിലെ വാതിലായി പ്രവര്‍ത്തിക്കുന്ന പ്രോട്ടീന്‍ പ്രായമായവരില്‍ വളരെ കൂടിയ തോതിലാണ് കാണപ്പെടുന്നത്. ഒരേ പ്രായത്തിലുള്ള പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഈ പ്രോട്ടീന്‍റെ സാന്നിധ്യം കുറവായിരിക്കും. ഇതിനാലാണ് കൊറോണ വൈറസ് ബാധ പ്രായമായവരിലും താരതമ്യേന പുരുഷന്മാരിലും കൂടുതലായി കാണപ്പെടുന്നത്. കുട്ടികളിലും യുവ പ്രായക്കാരിലും പ്രതിരോധ ശേഷി കൂടുതലായതും ഒരു പരിധി വരെ രോഗബാധ കുറയ്ക്കാന്‍ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റ് അസുഖങ്ങള്‍ ഉള്ളവരില്‍ പ്രതിരോധ ശേഷി കുറയുന്നതും കൊറോണ വൈറസ് ബാധയ്ക്ക് അവസരമൊരുക്കുന്നു. ഇന്ത്യയില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ച ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ 38കാരന്‍ കിഡ്നി തകരാറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.