Asianet News MalayalamAsianet News Malayalam

മുഹമ്മദ് സുബൈറിൻ്റെ അറസ്റ്റിൽ പ്രതിഷേധം ശക്തം: നടപടി 2018-ലെ ട്വീറ്റിൻ്റെ പേരിൽ

അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്ന് ആൾട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ പറഞ്ഞു

Wide spread against the arrest of mohammed Zubair
Author
Delhi, First Published Jun 27, 2022, 9:45 PM IST

ദില്ലി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിൻ്റെ അറസ്റ്റിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ കക്ഷികൾ രംഗത്ത്.  വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ  ബി ജെ പിക്ക് ഭീഷണിയാണെന്നും സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരുമെന്നും അറസ്റ്റിനെ അപലപിച്ചു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്ന് ആൾട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ പറഞ്ഞു. മുഹമ്മദ് സുബൈറിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പോലീസ് വെളിപ്പെടുത്തുന്നില്ലെന്നും സുബൈറിനെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർ നെയിം ടാഗ് ധരിച്ചിരുന്നില്ലെന്നും പ്രതീക് സിൻഹ പറഞ്ഞു.

അതേസമയം മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് 2018 ൽ നടത്തിയ ഒരു ട്വീറ്റുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണെന്നാണ് സൂചന. സുബൈർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷിക്കുമെന്നും ദില്ലി പോലീസ് വ്യക്തമാക്കി. 

മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്ത് എത്തി. വ്യാജ അവകാശവാദങ്ങൾ  തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ്  സുബൈർ എന്ന് ജയറാം രമേശ് പറഞ്ഞു. അമിത്ഷായുടെ ദില്ലി പോലീസിന് എന്നോ പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്നും അദ്ദേഹം വിമർശിച്ചു. 

മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിന് എതിരായ ആക്രമണമാണെന്ന് കോണ്ഗ്രസ് നേതാവ് ശശി തരൂരും ട്വീറ്റ് ചെയ്തു. സത്യാനന്തരകാലത്ത് തെറ്റായ വിവരങ്ങൾ തുറന്നുകാട്ടുന്ന മാധ്യമമായിരുന്നു ആൾട്ട് ന്യൂസ് എന്നും തരൂർ പറഞ്ഞു. സുബൈറിൻ്റെ അറസ്റ്റിനെ അപലപിച്ച് സിപിഎമ്മും രംഗത്തു വന്നു. വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും  തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ എന്നും ദില്ലി പോലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവും എന്നും സിപിഎം വിമർശിച്ചു. 

സുബൈറിൻ്റെ അറസ്റ്റിനെതിരെ കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്ത് എത്തി. വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ  ബി ജെ പിക്ക് ഭീഷണിയാണെന്നും  സത്യത്തിൻ്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരുമെന്നും സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios