ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബം​ഗളൂരു: ഹിജാബ് വിവാദത്തില്‍ (Hijab Ban Controversy) കര്‍ണാടകയില്‍ (Karnataka) വ്യാപക പ്രതിഷേധം. കോളേജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.

ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയൽ കോളേജിലടക്കം വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചും കാവി ഷാള്‍ അണിഞ്ഞും സംഘം തിരിഞ്ഞായിരുന്നു സംഘർഷം. പരസ്പരം കല്ലേറും മുദ്രാവാക്യം വിളിയും ആയതോടെ കോളേജിനകത്ത് തുടങ്ങിയ സംഘര്‍ഷം തെരുവിലേക്ക് വ്യാപിച്ചു. പ്രതിഷേധ റാലിക്കിടെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞതിനെതിരെ വിവിധയിടങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു. കാവി ഷാളും കാവി തൊപ്പിയും ധരിച്ചാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെത്തിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈസ്സ്കൂളുകളും കോളേജുകള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി നല്‍കി. സമാധാനം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്നും വികാരങ്ങള്‍ മാറ്റിനിര്‍ത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും കര്‍ണാടക ഹൈക്കോടതി ചൂണ്ടികാട്ടി.