ഉദയ്പുര്‍: രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് വിധവയായ യുവതിയെയും യുവാവിനെയും വീട് കയറി ആക്രമിച്ച ശേഷം വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവത്തില്‍  മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുംഗലയില്‍ താമസിക്കുന്ന വിധവയായ  യുവതിയെയും വീട്ടിലെത്തിയ യുവാവിനെയുമാണ് രഹസ്യബന്ധം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട്  ക്രൂരമായിമര്‍ദിച്ചത്. 

യുവാവിനെയും യുവതിയെയും മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പൊലീസ്  നടപടി സ്വീകരിച്ചത്. .  രാജസ്ഥാനിലെ ദുംഗല സ്വദേശികളായ ബന്‍സിലാല്‍, സാന്‍വറ, ഭഗവാന്‍ എന്നിവരാണ് പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തൊട്ടടുത്ത ഗ്രാമത്തില്‍നിന്ന് അവശ്യസാധനങ്ങള്‍ എത്തിക്കാനായാണ് പരിചയമുള്ള യുവാവ് വിധവയായ യുവതിയുടെ വീട്ടിലെത്തിയത്. യുവാവ് എത്തുന്നത് കണ്ട പരിസര വാസികള്‍ വീടിനടുത്തേക്ക് വന്നു. യുവാവ് വീടിനകത്തേക്ക് കയറിയതോടെ പ്രതികളും സമീപവാസികളായ മറ്റുചിലരും വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി. 

തുടര്‍ന്ന് യുവതിയെയും യുവാവിനെയും വീട്ടില്‍നിന്ന് വലിച്ചിഴച്ച് പുറത്തിറക്കിയ ശേഷം സമീപത്തെ വൈദ്യുതി തൂണില്‍ കെട്ടിയിട്ടു. ഇവരെ അസഭ്യം പറയുകയും അഴിച്ച് വിടാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ഇരുവരെയും  മൂന്ന് മണിക്കൂറോളം കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. വസ്ത്രങ്ങള്‍ വലിച്ചുകീറി അര്‍ധനഗ്നരാക്കുകയും ചെയ്തു.  വിവരമറിഞ്ഞ് നിരവധി പേര്‍ സ്തലത്തെത്തി. ഇവരെ അഴിച്ച് വിടാന്‍ പലരും അഭ്യര്‍‌ത്ഥിച്ചെങ്കിലും പ്രതികള്‍ കൂട്ടാക്കിയില്ല. അഴിച്ച് വിടാന്‍‌ പറഞ്ഞ ഒരു സ്ത്രീയെ സംഘം ആക്രമിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് വിവരമറിഞ്ഞ് പെലീസ് എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് ആര്‍ജ്ജവം കാട്ടിയില്ല. യുവതിയെയും യുവാവിനെയും മര്‍ദ്ദിക്കുന്ന വീഡിയോ പ്രചിച്ചതോടെയാണ് പൊലീസ് പ്രതികളെ   അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരാണ് കേസിലെ പ്രധാന പ്രതികളെന്നും ഇക്കാര്യം യുവതി മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.