കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ദമ്പതികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്ക് നോട്ടീസ്. ആശുപത്രിയുടെ വീഴ്ചയാണ് മരണ കാരണമെന്ന് ബന്ധുക്കൾ.

പുനെ: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ദമ്പതികൾ മരിച്ച സംഭവത്തിൽ പുനെയിലെ ആശുപത്രിക്ക് നോട്ടീസ്. കരൾ ദാനം ചെയ്തത് ഭാര്യയാണ്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആദ്യം ഭർത്താവും പിന്നീട് ഭാര്യയും മരിച്ചു. തുടർന്ന് പുനെയിലെ സഹ്യാദ്രി ആശുപത്രിക്ക് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു.

ബാപ്പു കോംകാർ എന്ന രോഗിക്ക് ഓഗസ്റ്റ് 15-നാണ് ശസ്ത്രക്രിയ നടത്തിയത്. ഭാര്യ കാമിനിയാണ് കരൾ ദാനം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം ബാപ്പു കോംകാറിന്‍റെ ആരോഗ്യനില ഗുരുതരമായി. ഓഗസ്റ്റ് 17-ന് അദ്ദേഹം മരിച്ചു. ഓഗസ്റ്റ് 21-നാണ് അണുബാധയെ തുടർന്ന് കാമിനിയുടെ മരണം സംഭവിച്ചത്. ആശുപത്രിയുടെ വീഴ്ചയാണ് ഇരുവരുടെയും മരണത്തിന് കാരണമെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ശസ്ത്രക്രിയയുടെ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തിങ്കളാഴ്ചക്കകം സമർപ്പിക്കാൻ സഹ്യാദ്രി ആശുപത്രിക്ക് നിർദേശം നൽകിയെന്ന് ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. നാഗ്നാഥ് യെംപാലെ അറിയിച്ചു. ആശുപത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രോഗിയുടെയും ദാതാവിന്‍റെയും വിവരങ്ങൾ, ചികിത്സാരേഖകൾ എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ എല്ലാ വിവരങ്ങളും ഹാജരാക്കാൻ ആശുപത്രിക്ക് നിർദേശം നൽകിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

പ്രോട്ടോകോൾ പ്രകാരമാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് ആശുപത്രിയുടെ വാദം. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്. ഈ വിഷയം സമഗ്രമായി പരിശോധിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രോഗി മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള ഒരാളായിരുന്നു എന്നും അതുകൊണ്ട് ശസ്ത്രക്രിയ സങ്കീർണ്ണമായിരുന്നെന്നും ആശുപത്രി അധികൃതർ പറയുന്നു. ശസ്ത്രക്രിയയുടെ സങ്കീർണതകളെ കുറിച്ച് കുടുംബാംഗങ്ങളെയും ദാതാവിനെയും മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കാമിനി ആദ്യം സുഖം പ്രാപിച്ചുവെങ്കിലും അവയവങ്ങൾ പെട്ടെന്ന് പ്രവർത്തന രഹിതമായെന്നാണ് ആശുപത്രിയുടെ വിശദീകരണം.