ദില്ലി: മാധ്യമപ്രവര്‍ത്തകനും ഭര്‍ത്താവുമായ പ്രശാന്ത് കനോജിയയക്ക്  സുപ്രീംകോടതി ജാമ്യം നല്‍കിയതോടെ ഭരണഘടനയിലുള്ള തന്‍റെ വിശ്വാസം ഒന്നുകൂടി ദൃഢപ്പെട്ടെന്ന് പങ്കാളി ജഗിഷ അറോറ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന് ആരോപിച്ചാണ് പൊലീസ്  പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സുപ്രീംകോടതി കനോജിയയെ ഉടന്‍ വിട്ടയക്കണമെന്നും ഉത്തരവിട്ടു.

തന്‍റെ ഭര്‍ത്താവിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണ്. എന്നാല്‍ നിയമനടപടിക്രമങ്ങളിലൂടെ തങ്ങള്‍ സുപ്രീംകോടതിയില്‍ എത്തി. കനോജിയ പങ്കുവെച്ച പോസ്റ്റില്‍ അപമര്യാദയായിട്ടുള്ള ഒന്നുമുണ്ടായിരുന്നില്ല. പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‍സൈറ്റായ ദ വയറില്‍ രണ്ടുവര്‍ഷത്തോളം കനോജിയ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വര്‍ക്കുകള്‍ കനോജിയയുടെ ധാര്‍മ്മികത വ്യക്തമാക്കുന്നതാണ്. അദ്ദേഹത്തിനെതിരെ പറയുന്നവര്‍ അദ്ദേഹം ചെയ്ത  വര്‍ക്കുകള്‍ വായിച്ചുനോക്കാനും ജഗിഷ ആവശ്യപ്പെട്ടു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും കുറച്ച് വര്‍ഷങ്ങളായി അദ്ദേഹവുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കാറുണ്ടെന്നും ഒരു യുവതി പറയുന്ന വീഡിയോ ഷെയർ ചെയ്തതിനാണ് പ്രശാന്ത് കനോജിയയെ ഗൊരഖ് പൂർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഭാര്യ ജിഗിഷ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുകയായിരുന്നു.