ബിജാപുര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരനായ ഭർത്താവിനെ കണ്ടെത്താൻ ഭാര്യ കാട്ടിലൂടെ സഞ്ചരിച്ചത് നാല് ദിവസം. ഛത്തീസ്‍ഗഡിലാണ് സംഭവം. സുനിത കറ്റമെന്ന യുവതിയാണ് ഭര്‍ത്താവ് സന്തോഷിന് വേണ്ടി ഇത്തരമൊരു സാഹസത്തിനൊരുങ്ങിയത്. 

മെയ് നാലിനാണ് ബിജാപൂരിലെ ഭോപാല്‍പറ്റ്നം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്തോഷിനെ ഗൊറോണ ഗ്രാമത്തില്‍ വച്ച് മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വീട്ടാവശ്യത്തിനായി സാധനങ്ങൾ വാങ്ങാൻ പോയ സന്തോഷ് തിരിച്ചെത്താത്തതിൽ ആദ്യം സുനിതയ്ക്ക് അത്ര പ്രശ്നമൊന്നും തോന്നിയില്ല.  ജോലിയുമായി ബന്ധപ്പെട്ട് ചിലപ്പോഴോക്കെ സന്തോഷ് വൈകാറുള്ളതായിരുന്നു അതിന് കാരണം.

എന്നാൽ മാവോയിസ്റ്റുകളാണ് ഇതിന് പിന്നിലെന്ന് ഉറപ്പായതോടെ സുനിത പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ആ ഭാഗങ്ങളിലുള്ള തന്റെ ബന്ധുക്കളുമായും സുനിത ബന്ധപ്പെട്ടു. ‘കൂടുതല്‍ ഒന്നും ഇക്കാര്യത്തില്‍ ചിന്തിക്കാനില്ലായിരുന്നു. എന്റെ ഭര്‍ത്താവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് ബുദ്ധിമുട്ട് അനുഭവിക്കാനും ഞാന്‍ തയ്യാറായിരുന്നു‘ സുനിത പറയുന്നു.

മെയ് ആറിന് പതിനാല് വയസുള്ള മകള്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍, കുറച്ച് ഗ്രാമീണര്‍ എന്നിവര്‍ക്കൊപ്പം മാവോയിസ്റ്റുകളെ തിരഞ്ഞ് സുനിത യാത്ര തുടങ്ങുകയായിരുന്നു. തന്റെ ഇളയ രണ്ട് കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് സുനിത മൂത്ത മകളെയും കൂട്ടി വീട് വിട്ടിറങ്ങിയത്. ബൈക്കിലും കാല്‍നടയായും കാട്ടിലൂടെ സഞ്ചരിച്ച് മെയ് 10 ന് ഇവര്‍ മാവോയിസ്റ്റുകളുടെ അടുത്തെത്തി. 

പിന്നാലെ നടന്ന അനുനയസംഭാഷണം ഫലം കാണുകയും പിറ്റേദിവസം മാവോവാദികള്‍ ജന്‍-അദാലത്ത് നടത്തി സന്തോഷിനെ വിട്ടു കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.‘ഭര്‍ത്താവിനെ രക്ഷിക്കുന്നതിനായി ഒരു സ്ത്രീ ഏതറ്റം വരെയും പോകും‘ എന്നായിരുന്നു മാവോയിസ്റ്റുകളെ തേടിയുള്ള കാട് യാത്രയെ കുറിച്ച് ചോദിച്ചപ്പോഴുള്ള സുനിതയുടെ പ്രതികരണം. മെയ് 11 ന് ബിജാപുരില്‍ തിരിച്ചെത്തിച്ച സന്തോഷിന് മെഡിക്കല്‍ പരിശോധനകള്‍ നടത്തി.