ഗാസിയാബാദ്: കൊവിഡ് 19നെ ചെറുത്തുതോൽപ്പിക്കുന്നതിന്റെ ഭാ​ഗമായി രാജ്യം ലോക്ക്ഡൗണിലൂടെ കടന്ന് പോവുകയാണ്. ചിലർ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ മറുഭാ​ഗത്ത് നിയമം ലംഘിക്കുന്നവരുമുണ്ട്. ഇത് ഒഴിവാക്കാനായി പുതിയ നിയമവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു റസിഡൻസ് അസോസിയേഷൻ.

ഗാസിയാബാദിലെ അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷനാണ് കോളനിക്ക് പുറത്ത് പുതിയ മാർഗനിർദ്ദേശങ്ങളുമായി നോട്ടീസ് പതിപ്പിച്ചത്. സംഭവം പുറത്തുവന്നതോടെ അസോസിയേഷന്‍റെ നടപടി വിവാദമായിട്ടുണ്ട്. കോളനിക്ക് അകത്തേക്ക് പുറത്ത് നിന്ന് ആരെങ്കിലും വരികയാണെങ്കിൽ ആ വീട്ടുകാർ 11000 രൂപ പിഴയടക്കണം. ഈ പിഴയടച്ചില്ലെങ്കിൽ വീട്ടുകാരുടെ വൈദ്യുതിയും വെള്ളവും കട്ട് ചെയ്യുമെന്നാണ് അസോസിയേഷന്റെ മുന്നറിയിപ്പ്.

പുതിയ നിയമത്തിൽ കോളനിയിലെ പല വീട്ടുകാർക്കും യോജിപ്പില്ലെന്നാണ് റിപ്പോർട്ടുകൾ. പുറത്ത് നിന്ന് ആരെയും അകത്തേക്ക് അനുവദിക്കരുതെന്ന് അറിയാമെന്നും അതിന് ഇത്തരത്തിലുള്ള നിയമങ്ങളുടെ ആവശ്യമില്ലെന്നുമാണ് കോളനിവാസികളുടെ പ്രതികരണം.

"സൊസൈറ്റിക്കുള്ളിലേക്ക് പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല. രാജ്യത്ത് കൊവിഡ് കേസുകൾ കൂടുകയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കഴിഞ്ഞ 20 ദിവസത്തിനിടയിൽ രാജ് നഗർ എക്സ്റ്റൻഷനിലെ മൂന്ന് സൊസൈറ്റികൾ പൂർണമായി അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. പുറത്ത് നിന്ന് ആരെയും കോളനിക്ക് അകത്തേക്ക് കൊണ്ട് വരാതിരിക്കുക," അസോസിയേഷൻ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ പറയുന്നു. ഇത്തരത്തിൽ പിഴയായി ലഭിക്കുന്ന തുക പിഎം കെയർ ഫണ്ടിലേക്ക് നൽകാനാണ് തിരുമാനമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.