ദില്ലി: ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമതീരുമാനം ശനിയാഴ്ചയെന്ന് സൂചന. ലോക്ക് ഡൗൺ നീട്ടുന്ന കാര്യവും പരിഗണിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവനയിൽ പറഞ്ഞു. മോദി വീഡിയോ കോൺഫറൻസിംഗ് വഴി സംസ്ഥാനമുഖ്യമന്ത്രിമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതനുസരിച്ചാകും അന്തിമതീരുമാനം കേന്ദ്രം സ്വീകരിക്കുക. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം, കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് 5149 ആണ്. മരിച്ചവരുടെ എണ്ണം 149 ആയും ഉയർന്നു.

ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിൽ പറഞ്ഞു. രാവിലെ വീഡിയോ കോൺഫറൻസിംഗ് വഴി പ്രതിപക്ഷകക്ഷികളുമായി അടക്കം മോദി കൂടിക്കാഴ്ച നടത്തി നിർദേശങ്ങൾ തേടിയിരുന്നു. 

''ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം കേൾക്കും. രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണയായിട്ടുണ്ട്. ലോക്ക്ഡൗൺ ഭാഗികമായി നീക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശം പരിഗണിക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നില്ക്കുന്നു'', എന്നും മോദി വ്യക്തമാക്കി. 

ഇതിന് മുമ്പ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച സമയത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് മോദി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. സാധാരണക്കാരെയും പാവപ്പെട്ടവരെയും അതിഥിത്തൊഴിലാളികളെയും ലോക്ക് ഡൗൺ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് ഒഴിവാക്കാനായി ഘട്ടം ഘട്ടമായി എങ്ങനെ ലോക്ക് ഡൗൺ പിൻവലിക്കാമെന്നാണ് വിവിധ സംസ്ഥാനങ്ങളോട് മോദി ചോദിച്ചത്. കേരളം ഇതിനനുസരിച്ച് ഒരു വിദഗ്ധസമിതി രൂപീകരിച്ച് നിർദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ എം അബ്രഹാം അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മൂന്ന് ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കണമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.

വിദഗ്ധസമിതി ശുപാർശകൾ ഇങ്ങനെ:

ഇതിനിടെ, പൊതുഗതാഗതം മേയ് പതിനഞ്ചിന് മുമ്പ് വീണ്ടും തുടങ്ങരുതെന്ന് കേന്ദ്രസർക്കാരിന് പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധസമിതി ശുപാർശ നൽകി. ലോക്ക്ഡൗൺ നീട്ടിയാലും അവശ്യസാധനങ്ങളുടെ ക്ഷാമം ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

മൂന്നാം ആഴ്ചയിലേക്ക് ദേശീയലോക്ക് ഡൗൺ കടന്ന ശേഷം ഇത് നീട്ടുന്ന കാര്യത്തിൽ കൂടീയാലോചന ശക്തമാകുന്നു. പ്രധാനമന്ത്രി നിയോഗിച്ച ചില വിദഗ്ധസമിതികളുടെ ശുപാർശകൾ ഇങ്ങനെയാണ്:

# രാജ്യത്തെ പൊതുഗതാഗതസംവിധാനം ഉടൻ തുടങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കും

# മെട്രോ, ട്രെയിൻ, വിമാന സർവ്വീസുകൾ മേയ് 15 വരെ വീണ്ടും തുടങ്ങരുത്. ബസ് അവശ്യസർവ്വീസിനു മാത്രമായി ചുരുക്കണം

# ഇരുചക്രവാഹനങ്ങൾ മാത്രം നിയന്ത്രിതമായി നിരത്തിലിറങ്ങാൻ ആദ്യഘട്ടത്തിൽ അനുവദിക്കണം

# പൊതുസ്ഥലങ്ങളും വലിയ കച്ചവടകേന്ദ്രങ്ങളും അടച്ചു തന്നെ ഇടണം

ലോക്ക്ഡൗൺ നീട്ടിയാലും ചില ഫാക്ടറികൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യവസായസംഘടനയായ ഫിക്കി ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികളെ നിയന്ത്രണങ്ങളോടെ ഫാക്ടറികളിലെത്തിക്കാൻ സർക്കാർ ഗതാഗത സൗകര്യം നൽകണമെന്നും നിർദ്ദേശമുണ്ട്. 

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം അയ്യായിരം കടന്നത് കേന്ദ്രസർക്കാരിനെയും സംസ്ഥാനസർക്കാരുകളെയും ആശങ്കയിലാക്കുന്നുണ്ട്. ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിച്ചാൽ വീണ്ടും കേസുകളുടെ എണ്ണം കൈ വിട്ട് പോകുമെന്ന ഭയവും പല സംസ്ഥാനങ്ങളും പ്രകടിപ്പിക്കുന്നു. മഹാരാഷ്ട്ര, ദില്ലി, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ പെട്ടെന്ന് ഉയരുന്ന കേസുകളുടെ എണ്ണവും സംസ്ഥാനങ്ങളെ ഭയപ്പാടിലാക്കുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഉയരുന്ന തൊഴിലില്ലായ്മയും അവഗണിച്ച് മുന്നോട്ടുപോകാനും കേന്ദ്രസർക്കാരിന് ആകുന്നില്ല. 

എന്നാൽ നിലവിൽ കൊവിഡ് കേസുകൾ തീരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഇടങ്ങളിൽ ലോക്ക് ഡൗൺ പിൻവലിക്കാമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ എന്നാണ് സൂചന. എന്നാൽ നിലവിൽ പത്തിലധികം സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനോട് ലോക്ക് ഡൗൺ തുടരണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്യുന്നു.

നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥർ പലരും പ്രധാനമന്ത്രിയുമായി നടത്തിയ യോഗത്തിൽ ഏപ്രിൽ 15-ന് ശേഷവും ലോക്ക് ഡൗൺ തുടരുന്നത് രാജ്യത്തെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടിലാണ്. 'റെഡ് സോണുകൾ' അഥവാ 'ഹോട്ട് സ്പോട്ടുകൾ' അല്ലാത്ത ഇടങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കാമെന്നാണ് ഇവരുടെ നിലപാട്. 

എന്നാൽ ലോക്ക് ഡൗൺ വിലയിരുത്താൻ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടുത്ത നാല് ആഴ്ചത്തേയ്ക്ക് എങ്കിലും സ്കൂളുകൾ അടച്ചിട്ടേ പറ്റൂ എന്ന് പ്രധാനമന്ത്രിക്ക് ശുപാർശ നൽകിയിട്ടുണ്ട്. മതസമ്മേളനങ്ങൾ, ആളുകൾ കൂടുന്ന പൊതുപരിപാടികൾ, യോഗങ്ങൾ എന്നിവയും നിരോധിക്കണമെന്നും മന്ത്രിതല ഉപസമിതി പ്രധാനമന്ത്രിക്ക് ശുപാർശ നൽകി. 

ഇവയെല്ലാം പരിഗണിച്ച് അന്തിമതീരുമാനമെടുക്കുക, പ്രധാനമന്ത്രി നരേന്ദ്രമോദിയാകും. 

കൊവിഡ് ചികിത്സ സൗജന്യമാക്കണമെന്ന് സുപ്രീംകോടതി

കൊവിഡ് പരിശോധനകൾ സൗജന്യമാക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സ്വകാര്യ ലാബുകൾ 4500 രൂപയാണ് ഈടാക്കുന്നത്. ഈ തുക സര്‍ക്കാര്‍ മടക്കി നൽകേണ്ടതാണ്. സ്വകാര്യ ലാബുകളെ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. 
ഇക്കാര്യം കേന്ദ്രസർക്കാർ പരിശോധിക്കാമെന്ന് സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത അറിയിച്ചു. കൊവിഡ് കണക്കിലെടുത്ത് ജയിലുകളിൽ നിന്ന് ജാമ്യത്തിൽ പോകുന്നവര്‍ക്കും ശിക്ഷ കഴിഞ്ഞുപോകുന്നവര്‍ക്കും വീടുകളിലേക്കെത്താൻ സൗകര്യം ഒരുക്കണമെന്നും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.