ഒരു സമവായമുണ്ടെങ്കിൽ തന്റെd പേര് പരിഗണിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ഗോപാൽ കൃഷ്ണ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാൽ അതില്ലാത്തതിനാൽ പിൻമാറുന്നുവെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ. 

ദില്ലി: മഹാത്മാഗാന്ധിയുടെ കൊച്ചുമകനും മുൻ പശ്ചിമബംഗാൾ ഗവർണറുമായ ഗോപാൽ കൃഷ്ണഗാന്ധി രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ല. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ സംയുക്തമായി അദ്ദേഹത്തെ സമീപിച്ചെങ്കിലും ആവശ്യം അദ്ദേഹം നിരസിക്കുകയായിരുന്നു. ഇതിന് മുമ്പ് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും മുൻ ജമ്മു കശ്മീർ പ്രധാനമന്ത്രി ഫറൂഖ് അബ്ദുള്ളയെയും പ്രതിപക്ഷം സമീപിച്ചിരുന്നെങ്കിലും ഇരുവരും പ്രതിപക്ഷ ആവശ്യം തള്ളിയിരുന്നു. 

വാർത്താക്കുറിപ്പിലൂടെയാണ് മത്സരിക്കാനില്ലെന്ന് ഗോപാൽ കൃഷ്ണ ഗാന്ധി വ്യക്തമാക്കിയത്. ''ചില മുതിർന്ന, ബഹുമാനപ്പെട്ട നേതാക്കൾ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനാകുമോ എന്നന്വേഷിച്ച് എന്നെ സമീപിച്ചിരുന്നു. അവരോട് ഞാൻ കടപ്പാട് രേഖപ്പെടുത്തുന്നു. പക്ഷേ, രാഷ്ട്രപതി സ്ഥാനാർത്ഥി തീർച്ചയായും പ്രതിപക്ഷം ഒത്തൊരുമിച്ച് നിർദേശിക്കേണ്ട ഒരാളായിരിക്കണം. രാജ്യമൊട്ടാകെ ഒരേപോലെ അംഗീകരിക്കുന്ന ഒരു പേരുകാരനാകണം. അത്തരമൊരു പദവി വഹിക്കാൻ എന്നേക്കാൾ മികച്ച ആളുകളുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്'', അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. 

മുംബൈയിൽ പ്രതിപക്ഷപാർട്ടികൾ സംയുക്തമായി രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കാൻ ഒരു യോഗം വിളിച്ച് ചേർത്തതിന് മുന്നോടിയായാണ് ഗോപാൽ കൃഷ്ണ ഗാന്ധി വാർത്താക്കുറിപ്പ് പുറത്തിറക്കിയിക്കുന്നത്. ഗോപാൽ കൃഷ്ണ ഗാന്ധിയുടെ പേര് ആദ്യം മുന്നോട്ട് വയ്ക്കുന്നത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. എന്നാൽ ബിജു ജനതാദൾ, ടിആർഎസ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് അദ്ദേഹത്തിന്റെി പേരിനോട് താത്പര്യമില്ലായിരുന്നുവെന്നാണ് സൂചന.

ശരദ് പവാറും മല്ലികാർജ്ജുന ഖർഗെയും ഗോപാൽകൃഷ്ണ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഇപ്പോഴൊന്നും പറയാനില്ലെന്നാണ് ഗോപാൽകൃഷ്ണ ഗാന്ധി ചർച്ചകളുടെ ആദ്യഘട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. 

അതേസമയം, എൻഡിഎ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള സസ്പെൻസ് തുടരുകയാണ്. യോഗ ദിന ആഘോഷങ്ങൾക്കു ശേഷം ബിജെപി പാർലമെൻററി ബോർഡ് യോഗം ചേർന്ന് തീരുമാനം എടുക്കാനാണ് സാധ്യത. 

പ്രക്രിയ എപ്പോൾ, എങ്ങനെ?

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ ജൂൺ 15-ന് തുടങ്ങും. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനം ജൂൺ 29-നാണ്. തെരഞ്ഞെടുപ്പ് ആവശ്യം വന്നാൽ, ഒന്നിലധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ ജൂലൈ 18-ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂലൈ 21-നും നടക്കും.
4809 പേർക്കാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയുക. 776 എംപിമാരും 4033 എംഎൽഎമാരും വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇവരെല്ലാം ചേർന്നുള്ള ആകെ വോട്ടു മൂല്യം 10 ലക്ഷത്തി എൺപത്താറായിരത്തി നാനൂറ്റുമുപ്പത്തിയൊന്നാണ്. വോട്ടെടുപ്പ് പാർലമെന്റ്പ മന്ദിരങ്ങളിലും നിയമസഭകളിലുമായാണ് നടക്കുന്നത്. വോട്ടെണ്ണൽ ദില്ലിയിലായിരിക്കും. വോട്ടെടുപ്പിന് ശേഷം ബാലറ്റു പെട്ടികൾ വിമാനമാർഗ്ഗം ദില്ലിയിൽ എത്തിക്കും. രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദിയാണ് വരണാധികാരി.

എൻഡിഎ സ്ഥാനാർത്ഥി ആരാകും?

അടുത്ത രാഷ്ട്രപതിസ്ഥാനാർത്ഥിയായി നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെന പേര് എൻഡിഎ വൃത്തങ്ങളൊന്നും പറയുന്നില്ല. സുരേഷ് പ്രഭു, ദ്രൗപദി മുർമു, തമിളിസൈ സൗന്ദർരാജൻ, ബേബി റാണി മൗര്യ, ആരിഫ് മുഹമ്മദ് ഖാൻ, ഗോപാൽ നാരായൺ സിംഗ് എന്നിവർക്കൊപ്പം രാജ്നാഥ് സിംഗിന്റെമ പേരും എൻഡിഎ പക്ഷത്ത് പ്രചരിക്കുന്നുണ്ട്. സർക്കാരിനൊപ്പം നില്ക്കുന്ന പാർട്ടികളുടെ നേതാക്കളുമായി അമിത് ഷാ സംസാരിക്കും.

കഴിഞ്ഞ തവണ കോൺഗ്രസ് ഉൾപ്പടെ 17 പാർട്ടികൾ ചേർന്ന് മീരാകുമാറിനെ സ്ഥാനാർത്ഥിയാക്കിയിരുന്നു. ഇത്തവണ പാർട്ടി ആരുടെയും പേര് നിർദ്ദേശിക്കുന്നില്ല എന്നും പ്രതിപക്ഷപാർട്ടികളൊന്നിച്ച് പൊതു സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ തയ്യാറെന്നും കോൺഗ്രസ് അറിയിച്ചു. 

Read More: പ്രതിപക്ഷ നീക്കത്തിന് വീണ്ടും തിരിച്ചടി, സ്ഥാനാർത്ഥിയാകാനില്ലെന്ന് ഫറൂഖ് അബ്ദുള്ള