ദില്ലി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരം നിർത്തില്ലെന്ന് സമരസമിതി. കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ സമരം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമരക്കാരോട് അഭ്യർത്ഥിച്ചിരുന്നു. കെജ്‍രിവാളിന്‍റെ അഭ്യർത്ഥന സമരസമിതി പൂർണമായും തള്ളിക്കളഞ്ഞു.

എന്നാൽ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് സമരസമിതി അംഗങ്ങൾ വ്യക്തമാക്കിയത്. കൊവിഡ് എന്നല്ല ഒരു വൈറസിനെയും ഭയക്കുന്നില്ല, അതേസമയം ജാഗ്രതയുണ്ടാകും. ആൾക്കൂട്ടം ഒത്തുചേരുന്ന ഇടമായതിനാൽ കൃത്യമായ ജാഗ്രതാ നടപടികൾ സമരവേദിയിൽ ഉണ്ടാകും.

പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ റജിസ്റ്ററും പിൻവലിക്കാതെ പിന്നോട്ടുപോകില്ലെന്ന് സമരക്കാർ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആശങ്ക ഉൾക്കൊള്ളുന്നു. എന്നാൽ ഈ കൊവിഡ് വൈറസ് ബാധയെ മാത്രം ഭയന്ന് സമരത്തിൽ നിന്ന് ഒരു പിൻമാറ്റം ഉണ്ടാകില്ലെന്ന് സമരക്കാർ വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡിസംബർ 14-ാം തീയതിയാണ് ഒരു സംഘം സ്ത്രീകൾ ഷഹീൻബാഗിലെ കാളിന്ദി കുഞ്ജ് റോഡിൽ കുത്തിയിരുന്ന് സമരം തുടങ്ങിയത്. ഇതിലേക്ക് നിരവധിപ്പേരെത്തി. പിന്നീട് ഇത് ബഹുജനസമരമായി മാറുകയായിരുന്നു. വൃദ്ധരടക്കമുള്ള സ്ത്രീകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

Read more at: പൗരത്വ നിയമ ഭേദഗതി; സമരമുഖത്തെ സ്ത്രീ പോരാട്ടം

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചാ വിഷയമായിരുന്നു ഷഹീൻ ബാഗ് സമരവും സിഎഎ പ്രക്ഷോഭവും. തീവ്രവാദികളാണ് സമരത്തിനിരിക്കുന്നതെന്നും, അവരെ വെടിവച്ച് കൊല്ലണമെന്നും ആഹ്വാനം ചെയ്ത് ബിജെപി നേതാക്കൾ നടത്തിയ റാലികൾ വലിയ വിവാദമായി. അത് കലാപത്തിലേക്ക് വഴിവയ്ക്കുകയും ചെയ്തു.

അതേസമയം, ചെന്നൈ വാഷർമാൻ പേട്ടിലടക്കം നടത്തി വന്ന ഷഹീൻബാഗ് മോഡൽ സമരം പിൻവലിക്കാൻ സമരസമിതി തീരുമാനിച്ചു. മുൻകരുതലിന്‍റെ പശ്ചാത്തലത്തിലാണിത്. എന്നാൽ പരോക്ഷമായുള്ള സമരപരിപാടികളും പ്രചാരണങ്ങളും തുടരുമെന്നും ചെന്നൈയിലെ സമരസമിതി വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക